ലിജുവിനുവേണ്ടി കത്തെഴുതിയിട്ടില്ല; ജെബി മേത്തര്‍ അര്‍ഹതപ്പെട്ടയാള്‍, തിരഞ്ഞെടുപ്പ് കെ.പി.സി.സി പട്ടികയില്‍ നിന്ന്: കെ. സുധാകരന്‍

കണ്ണുര്‍: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറിന്റെ പേര് അപ്രതീക്ഷിതമായി വന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താന്‍ ഒപ്പിട്ട് കൊടുത്ത നാല് പേരുടെ ലിസ്റ്റില്‍ ജെബിയുടെ പേരുണ്ടായിരുന്നു. അതില്‍ ഒരാളെ തിരഞ്ഞെടുക്കാനുളള അധികാരം ഹൈക്കമാന്‍ഡിനുണ്ട്. ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് എഴുതാന്‍ താന്‍ മണ്ടനല്ലെന്നും സുധാകരന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണുമാണ് ജെബി. വനിതാ യുവ ന്യൂനപക്ഷ മുഖം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയായി ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം, തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല തുടങ്ങിയ ഘടകങ്ങളും കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ അച്ചുതണ്ടിന്റെ പിന്തുണയുമാണ് ജെബി മേത്തറിന് രാജ്യസഭയിലേക്കുളള വാതില്‍ തുറന്നത്. മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയിലേക്ക് മൂന്നുതവണ പരാജയപ്പെട്ടത് ലിജുവിനും 2011 ലെ തോല്‍വി ജെയ്സണും തിരിച്ചടിയായി.

 

Leave a Comment

More News