അഞ്ച് വയസുകാരിയെ എടുത്തെറിഞ്ഞു; വീട്ടുജോലിക്കാരിക്കെതിരെ കേസ്

ഇടുക്കി: അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂര്‍ പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇവര്‍ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങള്‍ വീട്ടുകാര്‍ കണ്ടിരുന്നു. ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ഇവര്‍ ജോലിക്ക് കയറിയത്. പിന്നാലെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

കുഞ്ഞിന്റെ അമ്മ വിദേശത്താണ്. അച്ഛന്‍ സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത് അഞ്ച് വയസുകാരിയെയും അനുജനെയും നോക്കാന്‍ തങ്കമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയ ശേഷം അച്ഛന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചെന്ന് മനസിലായപ്പോള്‍ തങ്കമ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്കമ്മ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

 

 

 

Leave a Comment

More News