കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങി. വരുമാനത്തില്‍ ഭൂരിഭാഗവും ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരുന്നതിനാലാണ് കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്. മാസം 30 കോടി രൂപയില്‍ കൂടുതല്‍ കെഎസ്ആര്‍ടിസിക്കു നല്‍കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, കെഎസ്ആര്‍ടിസിക്കു ശന്പളത്തിനു തന്നെ 70 കോടിയിലേറെ രൂപ മാസം വേണം. ദിനംപ്രതിയുള്ള വരുമാനം ശരാശരി അഞ്ചു കോടിയാണ്. എന്നാല്‍, ഇന്ധനവില കുതിച്ചുകയറിയതോടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഡീസല്‍ വാങ്ങാന്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. അതിനൊപ്പം വായ്പകളുടെ തിരിച്ചടവു കൂടിയാകുന്‌പോള്‍ ശന്പളം കൊടുക്കാന്‍ പണം മാറ്റിവയ്ക്കാനില്ലാത്ത അവസ്ഥയിലാണ്. ആയിരം കോടിയാണ് ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി ഒരു വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വലിയൊരു ഭാഗം പെന്‍ഷന്‍ നല്‍കാനാണ് മാറ്റിവയ്ക്കുന്നത്. ബാക്കിയുള്ളതില്‍നിന്നാണ് 30 കോടി വീതം മാസം നല്‍കുന്നത്.

അതേസമയം, പ്രതിസന്ധി തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടിവരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ യൂണിയനുകള്‍ രംഗത്തെത്തി. ഇതു ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ധനവില വര്‍ധനമൂലം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Comment

More News