കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചാലും സിപിഎമ്മിന് ബിജെപിയെ തകര്‍ക്കാനാവില്ല; കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സര്‍ക്കാരിനെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത് മുഖ്യശത്രു ബിജെപിയാണെന്നാണ്. എന്നാല്‍ ബംഗാളിലെ അണികളെ പോലും സിപിഎമ്മിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. മമത ബാനര്‍ജിയുടെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ എത്തുന്നത് ബിജെപി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറികഴിഞ്ഞു. 301 സീറ്റുകളുമായി ലോക്സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാര്‍ട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. 18 സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയര്‍ത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി സ്ഥാപനദിനത്തോട് അനുബന്ധിച്ച് വഴുതക്കാട് നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കി. പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാവ് ഒരാജഗോപാല്‍ പതാക ഉയര്‍ത്തി.

Leave a Comment

More News