ജഹാന്‍ഗിര്‍പുരി സംഘര്‍ഷം: ഇരു വിഭാഗത്തിലേയും 23 പേര്‍ അറസ്റ്റില്‍; പോലീസിനു നേരെ വീണ്ടും കല്ലേറ്

ന്യുഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റുചെയ്തതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന. ഇവരില്‍ എട്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അറസ്റ്റിലായവരില്‍ ഇരു സമുദായത്തില്‍ പെട്ടവരുമുണ്ട്. കുറ്റക്കാരെന്ന് കണ്ടാല്‍ ഏതൊരാള്‍ക്കെതിരെയും ജാതിമത വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.

അറസ്റ്റിലായവരില്‍ നിന്ന് അഞ്ച് തോക്കുകളും അഞ്ച് വാളുകളും പിടിച്ചെടുത്തു. ഇവരെ ഇതിനകം തന്നെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായവരില്‍ ഡല്‍ഹി പോലീസ് എസ്.ഐ മേദാലാല്‍ മീണയെ വെടിവച്ച അസ്ലാമും ഉള്‍പ്പെടുന്നു. ഇയാളില്‍ നിന്ന് നാടന്‍ തോക്ക് പിടിച്ചെടുത്തു.

കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിരിക്കുകയാണ്. 14 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നാല് ഫോറന്‍സിക് സംഘങ്ങള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി സാംപിള്‍ ശേഖരിച്ചുകഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

ചിലര്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ കര്‍ശനമായി പരിശോധിച്ചുവരികയാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനം കിംവദന്തികളില്‍ ഉള്‍പ്പെടെരുതെന്നും പോലീസ് പറഞ്ഞു.

അതിനിടെ, പ്രദേശത്ത് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെ വീണ്ടും കല്ലേറുണ്ടായി. ഒളിവില്‍ കഴിയുന്ന പ്രതിയായ സോനു ചിക്‌നയെ പിടികൂടാനാണ് പോലീസ് സ്ഥലത്തെത്തിയത്. ഇയാള്‍ സംഘര്‍ഷത്തിനിടെ വെടിവയ്പ് നടത്തിയവരില്‍ ഒരാളാണ്. ഇയാളുടെ ബന്ധുക്കളും അയല്‍ക്കാരുമാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തില്‍ ഒരാളെ പിടികൂടിയതായി പോലീസ് അറിയിച്ചു.

പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചതായി പോലീസ് അറിയിച്ചു.

 

Leave a Comment

More News