കെ റെയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പോലീസുകാരനെതിരേ അന്വേഷണം

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരേയാണ് തിരുവനന്തപുരം റൂറല്‍ എസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും ഇത് അന്വേഷിക്കുക.

തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായത്. ഇവരെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരന്‍ ബൂട്ടിട്ട് പ്രവര്‍ത്തനെ ചവിട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കല്ലിടല്‍ പുനരാരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

 

 

 

 

Leave a Comment

More News