കെ.റെയില്‍ കല്ലിടല്‍; കണ്ണൂരില്‍ ഇന്നും പ്രതിഷേധം; കല്ലുകള്‍ പിഴുതുമാറ്റി

കണ്ണൂര്‍: കെ റെയില്‍ കല്ലിടലിനെതിരെ കണ്ണൂരില്‍ പ്രതിഷേധം. കണ്ണൂര്‍ എടക്കാടാണ് പ്രതിഷേധം നടന്നത്. കല്ലിടുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒരു കല്ല് പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. കല്ലിടാനെത്തുമെന്ന് ആരെയും അറിയിച്ചില്ലെന്നും തങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. കൃത്യമായി വിവരമറിയിക്കണം. വേണ്ടപ്പെട്ട ആളുകളെ വിവരമറിയിച്ചേ കുറ്റിയടിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

ദേശീയ പാതയ്ക്കും ജലപാതയ്ക്കുമൊക്കെ നേരത്തെ സ്ഥലമെടുത്തതാണ്. വികസനത്തിന് തങ്ങള്‍ എതിരല്ല. പക്ഷേ, ജനങ്ങളെ ദ്രോഹിക്കാന്‍ അനുവദിക്കില്ല. ഈ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമില്ല. നാട്ടുകാര്‍ ഒറ്റക്കെട്ടായി പോരാടുമെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, എല്ലാ പഞ്ചായത്തുകളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പുറത്തുനിന്നുള്ള ആളുകളെത്തിയാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവിടെ നടക്കുന്നത് സാമൂഹികാഘാത പഠനമാണ് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Leave a Comment

More News