ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ചര്‍ച്ച വിളിച്ച് സര്‍ക്കാര്‍; സിനിമാ സംഘടനകള്‍ക്ക് ക്ഷണം

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചു. മേയ് നാലിന് തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്ന യോഗത്തിലേക്ക് അമ്മ, മാക്ട, ഡബ്ല്യൂസിസി, ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേംബര്‍ ഉള്‍പ്പടെ സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും ക്ഷണിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ഹേമ അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ നടി ശാരദയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ വത്സലകുമാരിയും അംഗങ്ങളായിരുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറാകാതിരുന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ച സാഹചര്യത്തിലാണ് ചര്‍ച്ച. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാരിനെതിരേ നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Leave a Comment

More News