ഇടുക്കിയില്‍ ഭാര്യയെ തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: പൊള്ളലേറ്റ മകളും മരിച്ചു

കട്ടപ്പന: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇലവനാല്‍ തൊടുകയില്‍ ശ്രീ ധന്യയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചത്.

വണ്ടന്മേട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുറ്റടിയില്‍ ദന്പതികളാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്. ഇലവനാല്‍ തൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകളാണ് ശ്രീ ധന്യ. ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവും തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.

കിടപ്പുമുറിയില്‍ പടര്‍ന്ന തീ വെള്ളമൊഴിച്ച് അണച്ച് അയല്‍വാസികള്‍ അകത്തു കയറിയപ്പോള്‍ രവീന്ദ്രനും ഉഷയും മരിച്ചു കിടക്കുന്നതാണു കണ്ടത്. തീ പടര്‍ന്നപ്പോള്‍ ഉണ്ടായ സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്ന് ദന്പതികളുടെ ദേഹത്തുവീണ നിലയിലായിരുന്നു. തുടര്‍ന്നു പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റിയത്.

 

Leave a Comment

More News