സ്വന്തം അനുയായികളെ സൃഷ്ടിക്കുന്നു: ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ മുഹമ്മദ് റിയാസിനും റഹീമിനും രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: ഡിവൈഎഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ. റഹീമിനും രൂക്ഷ വിമര്‍ശനം. സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിമര്‍ശനമുയര്‍ന്നു. മുഹമ്മദ് റിയാസിനെയും എ.എ. റഹീമിനെയും കൂടാതെ സംസ്ഥാന അധ്യക്ഷന്‍ എസ്.സതീശനെതിരെയും കുറ്റപ്പെടുത്തലുണ്ടായി. മൂന്ന് നേതാക്കളും ചേര്‍ന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കുന്ന സ്ഥതിയുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.

ഡിവൈഎഫ്ഐയെ പത്തനംതിട്ടയില്‍ നിയന്ത്രിക്കുന്നത് സിപിഎം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയില്‍ മെമ്പര്‍ഷിപ്പില്‍ ഗുരുതരമായ കുറവുകളുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുന്‍നിരയിലേക്കും യൂണിറ്റ് കമ്മിറ്റികളുടെ ഭാരവാഹികളായി കൊണ്ടുവരണമെന്നുമെല്ലാമുള്ള നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാനത്തിന്റെ പലഭാഗത്തും നടപ്പായില്ല. യുവതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തന സമയം ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ടായി. തിരുവനന്തപുരത്ത് ക്വട്ടേഷന്‍ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനക്കുള്ളില്‍ ക്വട്ടേഷന്‍ പിടിമുറുക്കുന്നതായി പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. ഡിവൈഎഫ്‌ഐയുടെ പേര് മറയാക്കി ചിലയിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല തവണ ഇത് കണ്ടെത്തിയിട്ടും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

ഘടകകക്ഷി മന്ത്രിമാര്‍ക്ക് എതിരെയും വിമര്‍ശനമുണ്ടായി. വൈദ്യുതി വകുപ്പിന്റെയും, ഗതാഗത വകുപ്പിന്റെയും പ്രവര്‍ത്തനം ശരിയായ ദിശയിലല്ല. മാനേജ്മെന്റിനെ നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രിമാര്‍ക്ക് ആകുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ പോലീസ് നയം ചില പോലീസുകാര്‍ക്ക് ഇനിയും അറിയില്ല എന്ന് മലപ്പുറത്ത് നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു.

ലഹരി ഗുണ്ടാ സംഘകങ്ങളെ തുറന്നുകാട്ടുന്നതില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാതൃകയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ വിഷയത്തില്‍ മറ്റു ജില്ലകള്‍ കണ്ണൂരിനെ മാതൃകയാക്കണം എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുചര്‍ച്ച ഇന്ന് തുടരും ഡിവൈഎഫ്‌ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയില്‍ തുടങ്ങിയത്. സമ്മേളന നഗരിയില്‍ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പതാക ഉയര്‍ത്തി. എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനില്‍ പി.ഇളയിടം പ്രതിനിധി സമേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന – കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

 

Leave a Comment

More News