വിജയ് ബാബുവിനെവേണ്ടിവന്നാല്‍ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണര്‍ ; അമ്മയുടെ നടപടി നാളെ

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സോഷ്യല്‍മീഡിയയില്‍ മീടൂ ആരോപണം വന്നിട്ടുണ്ടെങ്കിലും പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമല്ലെന്നും കമ്മീഷണര്‍ അറിയിച്ചു. ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പുതിയ ആരോപണം വന്നെങ്കിലും ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുക്കും. ബലാത്സംഗ പരാതിയില്‍ കേസെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ല. 22നാണ് പരാതി ലഭിച്ചത്. അന്നു തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെതിരായ താര സംഘടനയായ ‘അമ്മ’യുടെ നടപടി നാളത്തെ എക്‌സിക്യൂട്ടീവ് യോഗം പരിഗണിക്കും. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് എക്‌സിക്യുട്ടീവിന് ശിപാര്‍ശ നല്‍കിയതായി ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷ ശ്വേത മേനോന്‍ പറഞ്ഞു.

അമ്മയുടെ ബൈലോ പ്രകാരം വിജയ് ബാബുവിനോട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കുകയോ പുറത്താക്കുകയോ ചെയ്യാം. നാളെ വൈകിട്ട് ആറിനാണ് എക്‌സിക്യുട്ടീവ് യോഗം. യോഗത്തിനു ശേഷം സെക്രട്ടറി ഇടവേള ബാബു നടപടി അറിയിക്കും.

Leave a Comment

More News