ഭക്ഷ്യവിഷബാധ: കാസര്‍ഗോഡ് കൂടുതല്‍ പേര്‍ ആശുപത്രിയില്‍; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 31 പേരാണ് ചികിത്സതേടി ആശുപത്രിയിലെത്തിയിരിക്കുന്നത്. ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്നും ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. നിയമം ലംഘിച്ചുള്ള ഭക്ഷ്യവില്‍പ്പന നേരത്തെയുമുണ്ടായിരുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിച്ചിരുന്നു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ(16) ആണ് മരിച്ചത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Comment

More News