സന്തോഷ് ട്രോഫി: ബംഗാളിനെ വീഴ്ത്തി കേരളത്തിന് കിരീടം; അഭിനന്ദിച്ച് മുഖ്യമന്ത്രി

മഞ്ചേരി: സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കേരളം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയാണ് കേരളത്തിന്റെ നേട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗളാനിനെ 5-4ന് കീഴടക്കിയാണ് കേരളത്തിന്റെ മിന്നും ജയം.  കേരളത്തിന്റെ ഏഴാം കിരീടമാണിത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടവുമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു. ഇതോടെ മത്സരം ഷൗട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി. ഇതോടെ മലയാളികളുടെ മനസില്‍ സന്തോഷം നിറഞ്ഞു.

എക്സ്ട്രാ ടൈമിലെ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്. ഇതോടെ കടന്നാക്രമിച്ച കേരളം 116-ാം മിനിറ്റില്‍ സമനില കണ്ടെത്തി. മുഹമ്മദ് സഫ്നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു.സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്‌കോര്‍ ചെയ്തത്.</span>

കേരള ടീമിെന മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതല്‍ മികവോടെ മുന്നോട്ട് പോകാനും കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും.

കേരളത്തിന്റെ കായിക സംസ്‌കാരം കൂടുതല്‍ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊര്‍ജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്‌ബോള്‍ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാര്‍ദ്ദമായി അനുമോദിക്കുന്നു. നിര്‍ണ്ണായക സമയത്ത് മികച്ചൊരു ഹെഡര്‍ വഴി ഗോള്‍ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്‌നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവര്‍ക്കും ആശംസകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Leave a Comment

More News