പോപ്പുലര്‍ ഫ്രണ്ട് പ്രകടന റാലിയിലെ വിദ്വേഷ മുദ്രാവാക്യം: പത്തു വയസ്സുകാരന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി; കുട്ടിയും പിതാവും ഒളിവില്‍

എറണാകുളം: പോപ്പുലർ ഫ്രണ്ട് പ്രകടന റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്തു വയസ്സുകാരന്റെ പള്ളുരുത്തിയിലെ വീട്ടിൽ ആലപ്പുഴ പോലീസ് റെയ്ഡ് നടത്തി. എന്നാൽ കുട്ടിയേയും പിതാവിനെയും കണ്ടെത്താനായില്ല. അവർ താമസിച്ചിരുന്ന വാടക വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

ഇതേത്തുടർന്ന് കുട്ടിയുടെ തറവാട്ടുവീട്ടിലും പൊലീസ് പരിശോധന നടത്തി. രണ്ടാഴ്ചയായി മകനെയും പേരക്കുട്ടിയെയും കാണാനില്ലെന്ന് കുട്ടിയുടെ മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് കൊച്ചി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

പള്ളുരുത്തി സ്വദേശിയായ കുട്ടി പോപ്പുലർ ഫ്രണ്ടിന്‍റെ ബാല സംഘടനയുടെ പ്രവർത്തകനാണെന്നും തിരിച്ചറിഞ്ഞിരുന്നു. കുട്ടിയെ ആരാണ് ആലപ്പുഴയിൽ എത്തിച്ചത്, രക്ഷിതാക്കളുടെ പങ്ക് എപ്രകാരമാണ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്യും.

അതേസമയം സംഭവത്തിൽ ഗൂഢാലോചന നടന്നതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഗുജറാത്ത്, ബാബരി വിഷയങ്ങൾ ഉയർത്തി ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി വർഗീയത സൃഷ്‌ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ഈ കേസിൽ അറസ്റ്റിലായ പ്രതിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ബിജെപി പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഉൾപ്പടെ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

Leave a Comment

More News