ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ കുത്തേറ്റ് മരിച്ചു

ബ്രോംഗ്സ് (ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ അരിയാന റെയ്സ് ഗോമസിനെ (31) താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജൂണ്‍ 13 രാവിലെ 9 ന് ലഭിച്ച സന്ദേശമനുസരിച്ചാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പരിശോധനയില്‍ പോലീസ് ഓഫീസര്‍ അരിയാന ശരീരത്തില്‍ നിരവധി കുത്തുകളേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തി . പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ അരിയാന മരിച്ചതായി പോലീസ് അറിയിച്ചു .

അരിയാനയെ കുത്തി എന്ന് പറയപ്പെടുന്ന ഇവരുടെ മുന്‍ ഭര്‍ത്താവ് അര്‍ജനിസ് ബേസ് (34) അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയതായും ബ്രോണ്‍സ് പോലീസ് അറിയിച്ചു .

ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തര്‍ക്കിക്കുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു. മൂന്നു വയസ്സുള്ള ഇവരുടെ കുട്ടി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഒരിക്കല്‍ പോലും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും തര്‍ക്കിക്കുന്ന ശബ്ദം കേട്ടിരുന്നില്ലെന്നും പോലീസിനെ വിളിച്ചിട്ടില്ല എന്നും ന്യുയോര്‍ക്ക് പോലീസ് പറഞ്ഞു.

മരിച്ച പോലീസ് ഓഫീസര്‍ക്ക് 2019 ല്‍ ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ധീരതയും ചുമതലാ ബോധവുമുള്ള ഓഫീസറെയാണ് തങ്ങള്‍ക്ക് നഷ്ട്ടപെട്ടിരിക്കുന്നതെന്ന് ന്യുയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Comment

More News