പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണികിട്ടും; നെടുമങ്ങാട് സിഐക്ക് സി‌പി‌എം നേതാവിന്റെ ഭീഷണി

തിരുവനന്തപുരം: നെടുമങ്ങാട് പോലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയത്. എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനും ഭീഷണിയുണ്ടായത്. കേരള പോലീസ് നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പണി കിട്ടും, സ്റ്റേഷനിൽ അധിക കാലം ഞെളിഞ്ഞിരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും സി.പി.എം നേതാവ് പറഞ്ഞു.

കോൺഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാൻ സിഐ നെഞ്ചോട് ചേർത്തുപിടിച്ചുവെന്നും ജയദേവൻ ആരോപിച്ചു. ഇന്ത്യയിൽ ആർക്കും കോൺഗ്രസിന്റെ കൊടി ആവശ്യമില്ല. സിഐ ആറാട്ടുമുണ്ടനാണെന്ന് വിശേഷിപ്പിച്ച നേതാവ് സിഐ കൈക്കൂലിക്കാരനാണെന്നും, പരാതിയുമായി ചെല്ലുന്നവര്‍ക്കു നേരെ മുഖം തിരിക്കുന്നവനാണെന്നും ആരോപിച്ചു.

പിരിവ് നടത്തുന്നത് ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ കൊച്ചനുജന്‍ ആണെന്ന് പറയും. ജില്ലാ സെക്രട്ടറിയുടെ ചേട്ടനോട് ‘പൊക്കമില്ലാത്തൊരുത്തന്‍ നിങ്ങളുടെ അനുജന്‍ ആണോ’ എന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.’ഞാന്‍ താമസിക്കുന്നത് ആനാവൂരിലാണ്. എന്റെ അച്ഛനിലുള്ള മക്കളെയെല്ലാം ഞാനറിയും. അതില്‍ മൂത്തത് ഞാനാണ്. ഇനി അച്ഛന്‍ പോത്ത് കച്ചവടത്തിനെങ്ങാന്‍ പോയോ എന്ന് അവനോട് തന്നെ ചോദിക്കൂ’ എന്നായിരുന്നു മറുപടി. തന്തയ്ക്ക് ജനിക്കാത്തവന്‍, സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാത്തവന്‍, അവനൊരു കിങ്കരനുണ്ട്. വിക്രമാദിത്യന്‍. കേരള പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണി കൊടുക്കും. ആരുടേയും അച്ഛന്റേയും വകയല്ല നെടുമങ്ങാട് പൊലീസ് എന്നുമാണ് ജയദേവന്‍ പ്രസംഗിച്ചത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിക്കുകയും വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധ യോഗത്തിലാണ് ഏരിയ സെക്രട്ടറി സിഐക്കെതിരെ അധിഷേപ പ്രസംഗം നടത്തിയത്.

 

Leave a Comment

More News