മന്ത്രിക്ക് മുന്നില്‍ കുട്ടിക്കൂട്ടം സുല്ലിട്ടു; കോട്ടയം ജില്ലയിലെ വായനപക്ഷാചരണത്തിന്റെ തുടക്കത്തില്‍ മന്ത്രിയും കുട്ടിക്കൂട്ടങ്ങളും

കോട്ടയം: വിദ്യാർഥികളുടെ വായനാശേഷി പരീക്ഷിക്കാൻ മന്ത്രി ശ്രമിച്ചപ്പോൾ പരമാവധി ശ്രമിച്ചെങ്കിലും മൂന്നു തവണ മന്ത്രിക്കു മുന്നിൽ കുട്ടിക്കൂട്ടം സുല്ലിട്ടു. ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിലാണ് വ്യത്യസ്തമായ ക്വിസ് മത്സരം നടന്നത്. ഉദ്ഘാടന ചടങ്ങിനെത്തിയ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പ്രസംഗം ഒഴിവാക്കി കുട്ടികളോട് ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം വിശദീകരിച്ചു.

കഴിഞ്ഞ മാസം ബുക്കർ പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരരി ആരെന്ന ആദ്യ ചോദ്യത്തിന് ഉത്തരം നൽകാൻ കുട്ടികൾക്കായില്ല. എന്നാൽ, ബുക്കർ പ്രൈസ് നേടിയ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം‌ സ്വദേശി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയി ആണെന്ന ഉത്തരം നൽകാൻ വിദ്യാർഥികൾക്കായി. സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ, സ്‌നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തെയും എന്ന വരികള്‍ ഈണത്തില്‍ ചൊല്ലി ഇതാരുടെ വരികള്‍ എന്നായി മന്ത്രി. കേരളത്തില്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്ന് ശങ്കരന്‍മാര്‍ ആരെന്നും, ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉരുളയ്‌ക്ക് ഉപ്പേരി പോലെ കുട്ടികളുടെ മറുപടി വന്നു.

ഒരു മണിക്കുറോളം കുട്ടികളുമായി സംവദിച്ച് ഏഴ് കവിതാശകലങ്ങള്‍ ചൊല്ലിയും, ഉത്തരം മുട്ടിച്ച ഒരു കടങ്കഥ ചോദ്യവുമടക്കം 15 ചോദ്യങ്ങള്‍ ചോദിച്ചാണ് മന്ത്രി മടങ്ങിയത്. വിജയികള്‍ക്ക് ഫലകവും പുസ്‌തകവും സമ്മാനമായി നല്‍കി. ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് സംഘടിപ്പിക്കുന്ന വായനമരം തത്സമയ ക്വിസ് മത്സര പരിപാടിയുടെ ഉദ്‌ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷയായ ചടങ്ങിൽ ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീ വായനദിന സന്ദേശം നല്‍കി. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് – പൊതുവിദ്യാഭ്യാസ വകുപ്പുകള്‍, ജില്ല ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍, യുവജന ക്ഷേമ ബോര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാദിനത്തിൽ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സ്‌കൂളുകളിൽ വായനാ ദിന പ്രതിജ്ഞ നാളെ: വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നാളെ (ജൂൺ 20) രാവിലെ 10 മണിക്ക് വിദ്യാർഥികൾ വായനാ ദിന പ്രതിജ്ഞയെടുക്കും. പ്രത്യേക അസംബ്ലി ചേര്‍ന്ന് വായനദിനത്തിന്‍റെ പ്രധാന്യം വിവരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. വായനാ ക്ലബ്, എഴുത്തുകാരുമായുള്ള സംവാദം, വായന സംവാദം, വായന ചര്‍ച്ച, പുസ്തക നാമം കളി, ചങ്ങല വായന, കാവ്യ കേളി, , കഥ, കവിതാ വിവർത്തനം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം എന്നിവ ഉൾപ്പെടുമെന്ന് പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പറഞ്ഞു.

Leave a Comment

More News