ഇന്ത്യന്‍ അമേരിക്കന്‍ അരുണ്‍ അഗര്‍വാള്‍ ടെക്സസ് ഇക്കണോമിക് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍

ഡാളസ് : ടെക്സസ് ഇക്കണോമിക് ഡവലപ്മെന്റ് കോര്‍പറേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ അരുണ്‍ അഗര്‍വാളിനെ ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് നിയമിച്ചു. ഡാളസ് ആസ്ഥാനമായ ടെക്സ്റ്റൈയല്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അരുണ്‍.

തനിക്ക് ലഭിച്ച ഈ പദവി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് ലഭിച്ച വലിയൊരു ബഹുമതിയായി കണക്കാക്കുന്നുവെന്ന് അരുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ സി.ഇ.ഓ., ഡാളസ് പാര്‍ക്ക് ആന്റ് റിക്രിയേഷന്‍ ബോര്‍ഡ് പ്രസിഡന്റ് എന്നീ പദവികളിലും അരുണ്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ സമൂഹം ഈ രാജ്യത്തിന് നല്‍കുന്ന വിലയേറിയ സംഭാവനകളേയും, അവരുടെ കഠിന പ്രയാസങ്ങളേയും, ടെക്സസ് ഗവര്‍ണ്ണര്‍ വിലമതിക്കുന്നു എന്നാണ് ഈ നിയമനത്തിലൂടെ തെളിയിക്കുന്നതെന്നും അഗര്‍വാള്‍ കൂട്ടിചേര്‍ത്തു.

ഗാസിയാബാദ് ഐ.എം.ടിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും, സതേണ്‍ ന്യൂ ഹാംപ്ഷെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, വിദേശങ്ങളില്‍ നിന്നും പോലും വ്യവസായ സംരംഭകരെ ടെക്സസിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.

Leave a Comment

More News