തെരുവ് നായകള്‍ക്ക് നേരെ ആക്രമണം വ്യാപകമാകുന്നു

തൃശൂർ: ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനമിടിച്ച തെരുവ് നായയുടെ കാലിൽ വെടിയുണ്ട കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് തെരുവ് നായയെ വാഹനം ഇടിച്ച നിലയില്‍ കണ്ടെത്തിയത്.

പെരുന്തട്ട ക്ഷേത്രനടയിൽ റോഡിൽ നിന്ന് ഇഴഞ്ഞെത്തിയ നായയെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂർ ഏറ്റെടുത്തു. വ്യാഴാഴ്ച തെരുവിൽ നിന്ന് മൂന്ന് നായകളെ പ്രദീപ് രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ പാലക്കാട് കണ്ടെത്തിയ നായയുടെ ശരീരത്തിലും വെടിയുണ്ടയുണ്ടയുണ്ടായിരുന്നു എന്ന് പ്രദീപ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും തെരുവ് നായകളുടെ ശരീരത്തില്‍ വെടിയുണ്ടകൾ കണ്ടെത്തിയതായി പരാതി ഉയർന്നിരുന്നു.

വോക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനാ സ്ഥാപകന്‍ വിവേക് കെ. വിശ്വനാഥനാണ് ഇത് സംബന്ധിച്ച് ആലപ്പുഴ കരിയിലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ എന്‍.ഐ.എക്ക് പരാതി നല്‍കുമെന്നും വിവേക് അറിയിച്ചു.

നായകളില്‍ കണ്ടെത്തിയ ഉണ്ടകളെല്ലാം എയര്‍ ഗണ്ണിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രവാദ പരിശീലനത്തിന്റെ ഭാഗമാണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്ന് പരാതിയില്‍ പറയുന്നു.

 

Leave a Comment

More News