ദുരിതം തുടരുന്നു; സംസ്ഥാനത്ത് 10 ജില്ലകളിൽ റെഡ് അലർട്ട്; മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് നാല് പേർ മരിച്ചു. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരി ഉൾപ്പെടെ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരി തസ്ലീന, താഴെ വെളളറയിലെ രാജേഷ് എന്നിവരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹം കൂട്ടിക്കല്‍ ചപ്പാത്തിന് സമീപം കണ്ടെത്തി. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് പേരാണ് രണ്ട് ദിവസത്തിനുള്ളില്‍ മഴയിലും ഉരുള്‍പൊട്ടലിലുമായി മരിച്ചത്. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ മരിച്ചവരുടെ എണ്ണം 10 ആയി.

അതേസമയം ഇന്നലെ ചാവക്കാട് കടലിൽ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവരുടെ വള്ളവും വലയും മാത്രമാണ് മുനക്കടവ് കരയിൽ നിന്ന് അരകിലോമീറ്റർ ദൂരത്തിൽ ഒലിച്ചുപോയിരിക്കുന്നത്. ഇടുക്കി ആനച്ചാലിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ. നെടുമ്പാശേരി അത്താണിയിൽ കുറുന്തലക്കാട്ട് ചിറയിൽ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കിൽപ്പെട്ടു. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാർത്ത (75)യാണ് ഒഴുക്കിൽപ്പെട്ടത്. 50 മീറ്ററോളം ദൂരം പാലത്തിനടിയിൽ ഒലിച്ചുപോയി. റോഡിൽ നിന്ന് താഴെ വീണ കേബിളിൽ നാട്ടുകാർ മുറുകെ പിടിച്ച് വലിക്കുന്നത് കാണാമായിരുന്നു. തുടർന്ന് അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി.

സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയമുന്നറിയിപ്പുണ്ട്. പുല്ലക്കയാര്‍, മാടമന്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം എന്നിവിടങ്ങളിലാണ് പ്രളയ സാധ്യത മുന്നറിയിപ്പുള്ളത്. കേന്ദ്ര ജലക്കമ്മീഷനാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രദേശത്ത് അതീവ ജാഗ്രത വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ കര കവിഞ്ഞതിനെത്തുടര്‍ന്ന് ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയലായി. ഏലൂര്‍ കുട്ടിക്കാട്ടുകരയില്‍ 40 കുടുംബങ്ങളെ ഇതിനോടകം മാറ്റി. കോതമംഗലം ടൗണും, തങ്കളം ബൈപ്പാസും മണികണ്ഠന്‍ചാലും കുടമുണ്ട പാലവും വെള്ളത്തിലായി. മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍, കരമനയാര്‍ എന്നീ നദികളില്‍ അപകടനിലയും കടന്ന് വെള്ളം ഒഴുകുകയാണ്. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. പാലക്കാട് ഗായത്രിപ്പുഴയും കരകവിഞ്ഞു. ഡാമുകള്‍ പെട്ടെന്ന് നിറയുന്നത് ഒഴിവാക്കുന്നതിനായി ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ നിലവില്‍ ഉയര്‍ത്തിയിരിക്കുകയാണ്. എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി. വയനാട്ടില്‍ വയനാട് കാരാപ്പുഴ ഡാമിന്റെയും കോഴിക്കോട് കുറ്റ്യാടി ഡാമിന്റെയും കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Leave a Comment

More News