നിക്കാഹിൽ പങ്കെടുക്കുന്നത് ജീവിതത്തിലെ വലിയ അനുഗ്രഹമാണ്: ബഹ്ജ ദലീലി

കോഴിക്കോട്: പിതാവിനും വരനുമൊപ്പം നിക്കാഹിൽ പങ്കെടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് ചടങ്ങിൽ പങ്കെടുത്ത വധു ബഹ്ജ ദലീലി പറഞ്ഞു. നിർണായക നിമിഷത്തിൽ തന്റെ സാന്നിധ്യം വിലക്കുന്നതിന് എന്താണ് ന്യായമെന്നും ബഹ്ജ ദലിലി ചോദിക്കുന്നു. പെൺകുട്ടി നിക്കാഹിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് കാട്ടി മഹല്ല് കമ്മിറ്റി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പ്രതികരണം.

നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ലെന്നും ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാനും പറയുന്നു. ‘പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല.”-ഫാസില്‍ ഷാജഹാന്‍ പറഞ്ഞു. എല്ലാ അനുവാദവും വാങ്ങിയാണ് നിക്കാഹ് നടത്തിയതെന്ന് വരന്റെ അമ്മാവനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകളും എം.എസ്.ഡബ്ല്യു ബിരുദധാരിയുമായ ബഹ്ജ ദലീലയാണ് ജുമാ മസ്ജിദിൽ നടന്ന നിക്കാഹിൽ പങ്കെടുത്തത്. വേദിയിൽ വെച്ച് വരനിൽ നിന്ന് മഹർ സ്വീകരിക്കുകയും ചെയ്തു. സാധാരണ നിക്കാഹ് കാണാന്‍ വധുവിന് അവസരം ലഭിക്കാറില്ല. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണമെന്നുമുള്ള പെണ്‍കുട്ടിയുടെ ആഗ്രഹ പ്രകാരം മഹല്ല് സെക്രട്ടറി മതപണ്ഡിതരുമായി ആലോചിച്ചതിന് ശേഷമാണ് അനുമതി നല്‍കിയതെന്നും കുടുംബം പറഞ്ഞു. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകനും സിവില്‍ എന്‍ജിനിയറുമായ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരന്‍.

Leave a Comment

More News