സിപി‌എമ്മിന് മതിയായി; ഈ വര്‍ഷം ശോഭാ യാത്ര ഇല്ല

കണ്ണൂർ: ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തിക്ക് കണ്ണൂരിൽ സിപിഎമ്മിന്റെ ശോഭായാത്രയില്ല. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി എവിടെയും ശോഭായാത്ര നടന്നില്ല. 2015 മുതൽ അമ്പാടിമുക്കിലെ സി.പി.എം പ്രവർത്തകർ സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന്റെ നേതൃത്വത്തില്‍ തുടർച്ചയായി ശോഭായാത്ര സംഘടിപ്പിച്ചു വരികയായിരുന്നു. ആർ.എസ്.എസ് നയിക്കുന്ന ശോഭായാത്രയ്ക്കുള്ള മറുപടിയായാണ് ഈ ശോഭായാത്ര സംഘടിപ്പിച്ചിരുന്നത്. ശ്രീകൃഷ്ണനെ ആർ.എസ്.എസിന് മാത്രമായി വിട്ടുനല്‍കേണ്ടെന്ന വാദമായിരുന്നു ജയരാജന്‍ ഉന്നയിച്ചിരുന്നത്.

ഇത്തവണ ശോഭായാത്രയെക്കുറിച്ച് പി ജയരാജനും പ്രവർത്തകരും മൗനം പാലിക്കുകയാണ്. കണ്ണൂർ തളാപ്പിലെ അമ്പാടിമുക്കിൽ ശോഭായാത്ര സംഘടിപ്പിക്കാൻ ബിജെപിയിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്നവർ പി ജയരാജനൊപ്പമുണ്ടായിരുന്നു. സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായിരുന്ന ധീരജ് കുമാറാണ് ഇതിൽ പ്രധാനി. പി. ജയരാജന് അനുകൂലമായി പോസ്റ്റിടുകയും പ്രചാരണം നടത്തുകയും ചെയ്തതിന് ധീരജ് കുമാറിനെതിരെ നടപടിയുണ്ടായി, ഇപ്പോൾ അദ്ദേഹം പാർട്ടിക്ക് പുറത്താണ്.

പയ്യാമ്പലത്ത് പി. ജയരാജന്റെ നേതൃത്വത്തിലുള്ള ഐആര്‍പിസി പ്രവര്‍ത്തകര്‍ കര്‍ക്കിടകവാവ് ദിവസം ബലിതര്‍പ്പണത്തിന് സഹായങ്ങള്‍ നല്‍കിയിരുന്നു. പി. ജയരാജനാണ് ഫേസ്ബുക്കില്‍ ഇതിന് ആഹ്വാനം നല്‍കിയത്. വിവാദമായപ്പോള്‍ ആവര്‍ത്തിച്ച് ഇതിനെ ന്യായീകരിക്കാനാണ് പി. ജയരാജന്‍ ശ്രമിച്ചത്. ഒടുവില്‍ സിപിഎം നേതൃത്വത്തിന് ജയരാജനെ തള്ളിപ്പറയേണ്ടിവന്നു. ഈ സംഭവത്തില്‍ കൈപൊള്ളിയതിനെ തുടര്‍ന്നാണെന്ന് കരുതുന്നു ശോഭായാത്രയിലെ പിന്‍മാറ്റം.

ഇത്തരം പരിപാടികളിൽ ആളുകളെ അണിനിരത്തുന്നുണ്ടെങ്കിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ വേരൂന്നാന്‍ കാരണമാകുമെന്ന് സിപിഎം നേതൃത്വം വിശ്വസിക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് പാർട്ടി നേതാക്കൾ മുൻകൈ എടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്തായാലും രണ്ടു വർഷത്തിനു ശേഷം ആർഎസ്എസ് നേതൃത്വത്തിൽ ശോഭായാത്ര
നടക്കുകയാണ്.

Leave a Comment

More News