വാഹനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ പോലീസുകാരെ കൈയ്യേറ്റം ചെയ്തു

തൃശൂർ: വാഹനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. കൂനമ്മൂച്ചി സ്വദേശി മണ്ടേല എന്ന വിൻസൺ (50) ആണ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഇന്ന് പുലർച്ചെ കൂനമ്മൂച്ചിയിൽ ഒരാളെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് ഇയാളെ കണ്ടാണശേരി പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു വലിയ നായയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് ഇയാളെ തടഞ്ഞു നിർത്തി നായയെ തിരികെ കാറിൽ കയറ്റി. തുടർന്ന് പോലീസുമായി വാക്ക് തർക്കത്തിലേർപ്പെടുകയും പോലീസ് സ്റ്റേഷന്റെ ഗേറ്റ് തകർത്ത് സ്റ്റേഷനിലെ എസ്ഐ അബ്ദുറഹിമാനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച രണ്ട് പോലീസുകാരെ ഇയാൾ ചവിട്ടുകയും ചെയ്തു. ഒരു മണിക്കൂറോളം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിന്നീട് പൊലീസുകാർ കീഴ്പ്പെടുത്തി. അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Comment

More News