എല്ലാ മലയാളികളും ഇപ്പോൾ മാധ്യമ പ്രവർത്തകർ: എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ

ഫിലാഡൽഫിയ: കേരളത്തിൽ ഇപ്പോൾ പത്രപ്രവർത്തനം നടത്താത്ത ആരുമില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ  എൽദോസ് കുന്നപ്പള്ളിൽ. എല്ലാവര്ക്കും എഴുതാനറിയാം. പലരും നവമാധ്യമങ്ങളിൽ  സുന്ദരമായി എഴുതുന്നു. അറിയുന്ന കാര്യങ്ങൾ അവർ വാട്ട്സാപ്പിലോ  ഫെയ്‌സ്ബുക്കിലോ ഇടുന്നതോടെ അവരും മാധ്യമ പ്രവർത്തകരായി-ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ കോവാട്ട് ആമുഖ പ്രസംഗം  നടത്തി. ട്രഷറർ വിൻസന്റ് ഇമ്മാനുവൽ സ്വാഗതമാശംസിച്ചു.

മുഖ്യ പ്രസംഗം  നടത്തിയ നാഷണൽ പ്രസിഡന്റ്  സുനിൽ തൈമറ്റം പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ മാധ്യമ ശ്രീ, മാധ്യമ  രത്ന എന്നിവ പ്രസ് ക്ലബ് നൽകുന്നു. അടുത്ത അവാർഡ് വിതരണം, ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിലാണ്.  കേരളത്തിൽ  അകാലത്തിൽ  മരിച്ച പത്രക്കാരുടെ കുടുംബങ്ങൾക്കു സഹായമെത്തിക്കാനും അപകടങ്ങളിലും   മറ്റും തളർന്നു കിടക്കുന്നവർക്ക് സഹായ ധനം നൽകുവാനും പ്രസ് ക്ലബിനായി. അവ തുടരും.

ടെക്സസ് യൂണിവേഴ്‌സിറ്റിയുടെ ഓസ്റ്റിൻ കാമ്പസിൽ 40 വർഷമായി പ്രവർത്തിക്കുന്ന മലയാള വിഭാഗം ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ  12,000 മലയാളം പുസ്തകങ്ങളുണ്ട്. മലയാളത്തിൽ ബിരുദാന്തരബിരുദം വരെ പഠിക്കാം. അമേരിക്കയിൽ  ഈ സൗകര്യമുള്ള ഏക യൂണിവേഴ്‌സിറ്റിയാണിത്. ഇത് നിലനിര്ത്താന് പ്രസ് ക്ലബ് ശക്തമായി  രംഗത്തിറങ്ങും. ഇതിനായി ക്രൗഡ് ഫണ്ടിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രോജക്ടിലേക്കുള്ള  ആദ്യ തുക പ്രമുഖ സംഘടനാ പ്രവർത്തകൻ അലക്സ് തോമസ് പ്രസ് ക്ലബ് നാഷണൽ  ട്രഷറർ ഷിജോ പൗലോസിനെ ഏല്പിച്ചു.

പ്രസ് ക്ലബിന്റെ നിയുക്ത നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറും ഭാവുകങ്ങൾ നേർന്നു.

പലതരം മാധ്യമങ്ങളാണ് ഇന്നുള്ളതെന്ന് എം.എൽ.എ. പറഞ്ഞു. പക്ഷെ കൊടുക്കുന്ന വിവരം സത്യമാണോ എന്ന്  അന്വേഷിക്കേണ്ട ബാധ്യത ആ വാർത്ത പ്രസിദ്ധീകരിക്കുന്ന ആൾക്കുണ്ടാവണം. അമേരിക്കയിലേക്ക് പോരും മുൻപ് തനിക്കുണ്ടായ ദുരനുഭവം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി.  മമ്മുട്ടിയിൽ നിന്ന് കത്രിക പിടിച്ചു വാങ്ങി ഉദ്ഘാടനം നടത്തി ‘കുമ്മനടി’ക്കാൻ എം.എൽ.എ. ശ്രമിച്ചു എന്നായിരുന്നു വാർത്ത. അതിന് പറ്റുന്ന ചിത്രങ്ങളും വന്നു. വാർത്ത കാണുന്ന ആർക്കും അത് തെറ്റാണെന്നു സംശയിക്കാൻ ഒരു കാരണവുമില്ല.

അങ്കമാലിയിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പ്   ഉദ്ഘാടനം ചെയ്യുന്നത് മഹാനടൻ  മമ്മുട്ടിയാണ്. അതിന്റെ മുകളിൽ ഷോറൂം ഉദ്ഘാടനം താനും.  വൈകി വന്ന മമ്മുട്ടിയെ കാണാൻ വലിയ തിരക്ക്. അപ്പോൾ ഉടമകൾ തന്നെ മുകൾ നിലയിലേക്ക് കൊണ്ട് പോയി. അവിടെ ജോലിക്കാരും മറ്റുമായി  മുന്നോറോളം പേരുണ്ട്. അപ്പോഴേക്കും മമ്മുട്ടിയും  എത്തി. കത്രിക, കത്രിക  എന്ന് ചോദിച്ചാണ് അദ്ദേഹം വന്നത്. എന്നാൽ എം.എൽ.എ. ആണ് ഇതിന്റെ ഉദ്ഘാടകൻ എന്ന് കടയുടമ പറഞ്ഞു. അത് അദേഹം കേട്ടില്ലെന്ന്  തോന്നുന്നു. തുടർന്ന്  മമ്മുക്ക കത്രിക എടുത്തപ്പോൾ ഉടമ ഉദ്ഘാടനം എം.എൽ.എ. ആണ് എന്ന് പറഞ്ഞു. അപ്പോൾ മമ്മുക്ക  തന്നെ ചെയ്യട്ടെ എന്ന് താൻ പറഞ്ഞു. അപ്പോൾ ഉടമ പറഞ്ഞു എന്നാൽ എം.എൽ.എ. കൂടി  കൈപിടിച്ചു രണ്ട് പേരും കൂടി ഉദ്ഘാടനം നടത്താൻ. അങ്ങനെ ഞാൻ കൈ തൊടാൻ ചെന്നപ്പോൾ അദ്ദേഹം കത്രിക എനിക്ക് തന്നു.  മമ്മുക്ക തന്നെ  ചെയ്‌താൽ  മതിയെന്നു പറഞ്ഞു കത്രിക ഞാൻ  തിരികെ കൊടുത്തു. അങ്ങനെ അദ്ദേഹം റിബൺ കട്ട്  ചെയ്തു. ഞാനും കൈ തൊട്ടു. തുടർന്ന് കത്രിക വാങ്ങി താൻ താഴെ  വച്ചു.

എന്നാൽ വന്ന വാർത്തയോ. താൻ കത്രിക പിടിച്ചു വാങ്ങി ഉദ്‌ഘാടനത്തിനു ശ്രമിച്ചെന്നും. ആ വാർത്ത  തയ്യാറാക്കിയ ആളെ വിളിച്ചപ്പോൾ അയാൾ ക്ഷമ പറഞ്ഞു. ഒരു തമാശക്ക് ചെയ്തതാണെന്നും പറഞ്ഞു. അത് ഡിലീറ്റ് ചെയ്തുവെന്നും പറഞ്ഞു. എന്തുകാര്യം. അത് ലോകമെന്നും വൈറലായി.

തനിക്ക് അത് കൊണ്ട് ദോഷമൊന്നും വന്നില്ല. പക്ഷെ  എത്ര പേർ  അത് സത്യമാണെന്നു  വിശ്വസിച്ചു കാണും.

രാഷ്ട്രീയക്കാർ  എല്ലവരും സ്നേഹിക്കുന്ന വ്യക്തികളല്ല. പെരുമ്പാവൂരിൽ  എല്ലാവും തനിക്ക് വോട്ട് ചെയ്തിരുന്നുവെങ്കിൽ എത്ര വോട്ട് തനിക്കു കിട്ടുമായിരുന്നു. എതിരാളികളുടെ വോട്ട് എല്ലാം കൂട്ടിയാൽ താൻ തോറ്റു പോകുമായിരുന്നു .

അപ്പോൾ എല്ലാവരെയും പ്രീതിപ്പെടുത്തുക പറ്റുന്നതല്ല. ചിലർ എന്നെ കോമാളിയായും ഒക്കെ പറയും. എന്നാൽ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചാൽ അത് ഭംഗിയായി ചെയ്യും. 2010 ൽ ജില്ലാ പഞ്ചായത് പ്രസിഡന്റായപ്പോൾ ഒരാൾ ഉപദേശിച്ചത് ‘ഒരു മകളാണുള്ളത്. അഞ്ചു വര്ഷം കൊണ്ട് കിട്ടാവുന്നതൊക്കെ സമ്പാദിച്ചോണം എന്നാണ്.

എന്നാൽ അനർഹമായി ഒരു  പൈസ പോലും കൈപറ്റില്ലെന്നായിരുന്നു തന്റെ തീരുമാനം. ഇന്ന് വരെയും അതിനു മാറ്റമില്ല. ആ തീരുമാനം കൊണ്ടാണ് രണ്ട് തവണ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന അംഗീകാരം തനിക്കു കിട്ടിയത്.  അമേരിക്കയുടെ ഇന്റർനാഷണൽ വിസിറ്റർ പ്രോഗ്രാമിൽ ഇവിടെ വരാൻ കഴിഞ്ഞത് . അഴിമതിരഹിതനായി പ്രവർത്തിക്കണമെങ്കിൽ  മറ്റൊരു വരുമാനം വേണം.

ഓൺലൈനിലൂടെ വാർത്ത അറിഞ്ഞാലും പാത്രത്തിൽ അത് കണ്ടാലേ തൃപ്തിയാകു. എന്തായാലും മാധ്യമ രംഗത്ത്  മാറ്റങ്ങൾക്കു  വഴിയൊരുക്കാൻ നിങ്ങൾക്ക് കഴിയട്ടെ. ചെറുകിട പത്രങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണം. സത്യസസന്ധമായ വാർത്തകൾ വരാൻ പ്രസ് ക്ലബ് പ്രവർത്തനം ഉപകരിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.

യോഗത്തില്‍ വച്ച് ജീമോന്‍ ജോര്‍ജ് (ചാപ്റ്റര്‍ പ്രസിഡന്റ്), സ്‌നേഹോപഹാരമായി  ലിബര്‍ട്ടി ബെല്‍  എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്ക്ക് സമ്മാനിക്കുകയുണ്ടായി.

യോഗത്തില്‍ ഷിജോ പൗലോസ് (ഐ.പി.സി.എന്‍.എ ട്രഷറര്‍), ജോര്‍ജ് ജോസഫ് (ഇ-മലയാളി), സാജന്‍ വര്‍ഗീസ് (ട്രൈസ്റ്റേറ്റ് കേരള ഫോറം), രാജു ശങ്കരത്തില്‍ (മലയാളി മനസ്), ഈപ്പന്‍ ദാനിയേല്‍ (പമ്പ മലയാളി അസോസിയേഷന്‍), സാബു സ്‌കറിയ (ഐ.ഒ.സി), സണ്ണി കിഴക്കേമുറി (കോട്ടയം അസോസിയേഷന്‍), റോണി വര്‍ഗീസ്, ഫിലിപ്പോസ് ചെറിയാന്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും, സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും ധാരാളം ആളുകള്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

ജോര്‍ജ് ഓലിക്കല്‍ നന്ദി പറഞ്ഞു.  സുധാ കര്‍ത്താ, ജോര്‍ജ് നടവയല്‍, ജോബി ജോര്‍ജ്, റോജിഷ് സാമുവേല്‍, സുമോദ് നെല്ലിക്കാല, ജിജി കോശി, സിജിന്‍ പി.സി എന്നിവർ  യോഗത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു . ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു.

Leave a Comment

More News