ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; അപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു

കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ ചികിത്സ വൈകിയതിനെ തുടർന്ന് വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം.

സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റതിനെ തുടര്‍ന്നാണ് കോയമോനെ ബീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതു കൊണ്ട് ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം കോയമേനെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിലെത്തി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സിന്‍റെ ഡോര്‍ തുറക്കാനായില്ല. തുടര്‍ന്ന് മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തിറക്കിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു ഡോക്ടറും കോയമോന്റെ രണ്ട് സുഹൃത്തുക്കളുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ബീച്ച് ആശുപത്രി ആർഎംഒക്കാണ് അന്വേഷണ ചുമതല.

ആംബുലൻസിന്റെ കാലപ്പഴക്കമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീച്ച് ആശുപത്രിയിൽ 20 വർഷം പഴക്കമുള്ള ഒരു ആംബുലൻസാണ് ആശുപത്രിയിലുള്ളത്. മറ്റൊന്ന് വർക്ക് ഷോപ്പിലാണ്.

Leave a Comment

More News