ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ഹിമപ്പുലിയെ കണ്ടെത്തി

ഹിമാചൽ പ്രദേശിലെ ചിച്ചാം ഗ്രാമത്തിലെ പാറക്കെട്ടുകളിൽ ഹിമപ്പുലിയെ കണ്ടെത്തി. പാറക്കെട്ടുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന ഹിമപ്പുലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസ് (കാസ) അജയ് ബനിയാലാണ് തന്റെ ക്യാമറയിൽ ഈ അപൂർവ ദൃശ്യം പകർത്തിയത്.

തൊലി, എല്ലുകൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവയ്ക്കായി വേട്ടയാടുന്നതിനാൽ, ഹിമപ്പുലികളെ അപൂർവ ഇനമായി കണക്കാക്കപ്പെടുന്നു. ഹിമാചൽ പ്രദേശ് ഹിമപ്പുലികളുടെ ആവാസ കേന്ദ്രമാണ്, അവയെ ചില സമയങ്ങളിൽ മാത്രമേ കാണാന്‍ കഴിയൂ. 2021-ൽ, ഹിമപ്പുലികളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.

ഹിമാചൽ പ്രദേശിന്റെ സംസ്ഥാന മൃഗമാണ് ഹിമപ്പുലി. ഈ വർഷം ആദ്യം മാർച്ചിൽ, 12,500 അടി ഉയരത്തിൽ ഹിമാചൽ പ്രദേശിലെ കാസ, സ്പിതി താഴ്‌വരയ്‌ക്ക് സമീപം ഐടിബിപി സൈനികർ പൂർണ്ണമായും വളർന്ന ഹിമപ്പുലിയെ കണ്ടിരുന്നു. ഹിമാചൽ പ്രദേശിലെ കോമിക്, ഹിക്കിം, കിബ്ബാർ, പാംഗി, മിയാർ, ഡെമുൽ പ്രദേശങ്ങൾക്ക് സമീപം ഹിമപ്പുലികളെ സാധാരണയായി കാണാറുണ്ട്.

Leave a Comment

More News