കേരളത്തിലെത്തിയ മഅദനിയ്ക്ക് ദേഹാസ്വാസ്ഥ്യം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ അനുവദിച്ചതോടെയാണ്‌ ബംഗളൂരു പൊലീസിന്റെ അകമ്പടിയോടെ മഅദനി ഇന്ന്‌ രാത്രി ഏഴേകാലോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്‌. പിന്നാലെ രോഗബാധിതനായ പിതാവിനെ കാണാനായി അന്‍വാര്‍ശ്ശേരിയിലേക്ക്‌ മടങ്ങി.

യാത്രാമദ്ധ്യേ ഒമ്പതിന്‌ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കനത്ത ഛര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ആരോഗ്യസ്ഥിതി വളരെ വിഷമകരമാണെന്ന്‌ അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

അതേസമയം ബംഗളൂരു സ്ഫോടനക്കേസില്‍ ബംഗളുരുവില്‍ തുടരുന്ന മഅദനി കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സൂപ്രീം കോടതി നേരത്തെ ഇളവ്‌ നല്‍കിയിരുന്നു. ബംഗളൂരു പൊലീസിന്റെ എതിര്‍പ്പിനെ മറികടന്ന്‌ കേരള യാത്രയ്ക്ക്‌ കോടതി അനുമതി നല്‍കിയിട്ട് മാസങ്ങളായെങ്കിലും ചില കാരണങ്ങള്‍, യാത്രാ ചെലവ്‌ തുടങ്ങിയവ മൂലം മുടങ്ങുകയായിരുന്നു.

ഇതിനിടയില്‍ ബംഗളൂരു കമ്മീഷണര്‍ ഓഫീസില്‍ നിന്ന്‌ അനുമതി ലഭിക്കുകയായിരുന്നു. 12 ദിവസത്തേക്കുള്ള അനുമതിയാണ്‌ പൊലീസ്‌ നല്‍കിയത്‌.

Leave a Comment

More News