കൊള്ളയടിക്കാൻ റോഡിൽ ദമ്പതികളെ തടഞ്ഞു; പിന്നാലെ പണം അങ്ങോട്ട് നൽകി തിരിച്ച് പോയി കള്ളന്മാർ (വീഡിയോ)

ന്യൂഡല്‍ഹി: കവര്‍ച്ചയ്ക്ക്‌ എത്തിയവര്‍ അവസാനം അങ്ങോട്ട് പണം നല്‍കി മടങ്ങുന്ന വിചിത്ര വീഡിയോയാണ്‌ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദരയിലെ ഫാര്‍ഷ്‌ ബസാര്‍ ഏരിയയിലാണ്‌ സംഭവം നടക്കുന്നത്‌. വീഡിയോയില്‍ രണ്ട്‌ പേര്‍ ഹെല്‍മറ്റ്‌ ധരിച്ച്‌ സ്കൂട്ടറിലെത്തി റോഡിലൂടെ നടന്ന ദമ്പതികളെ തടയുന്നു. ദമ്പതികളെ പരിശോധിക്കുന്നതും കാണാം. പിന്നാലെ സ്കൂട്ടറില്‍ കയറുന്നതിന്‌ മുന്‍പ്‌ തിരികെ വന്ന്‌ എന്തോ ഒന്ന്‌ ദമ്പതികള്‍ക്ക്‌ നല്‍കി മടങ്ങുന്നതും കാണാം. എന്താണ്‌ നല്‍കിയത്‌ എന്നത്‌ വ്യക്തമായിരുന്നില്ല. എന്നാല്‍, കവര്‍ച്ചക്കാര്‍ പിടിയിലായതിന്‌ പിന്നാലെ സംഭവത്തിന്റെ വാസ്തവവും പുറത്തുവന്നു.

രണ്ടു മോഷ്ടാക്കളും ദമ്പതികളെ തടഞ്ഞ്‌ പണം ആവശ്യപ്പെട്ടെങ്കിലും അവരുടെ കൈയ്യില്‍ ആകെ ഒരു 20 രൂപ നോട്ട്‌ അല്ലാതെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ മോഷ്ടാക്കള്‍ തിരിച്ചു വന്ന് 100 രൂപ തരുകയായിരുന്നുവെന്ന്‌ ദമ്പതികള്‍ പൊലീസിനോട്‌ പറഞ്ഞു. 100 രൂപ നോട്ട്‌ നല്‍കിയ ശേഷം മോഷ്ടാക്കള്‍ സ്കൂട്ടറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

പ്രദേശത്തെ 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പൊലീസ്‌ മോഷ്ടാക്കളെ അറസ്റ്‌ ചെയ്യത്‌. അവരുടെ കൈയില്‍ നിന്ന്‌ 30 മൊബെല്‍ ഫോണുകളും പൊലീസ്‌ കണ്ടെടുത്തു. ദേവ്‌ വര്‍മ, ഹര്‍ഷ്‌ രജ്‌പുത് എന്നിവരാണ് പിടിയിലായത്. ദേവ്‌ വര്‍മ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉടമസ്ഥനാണെന്നും ഹര്‍ഷ്‌ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നും പൊലീസ്‌ പറഞ്ഞു.

യൂട്യൂബിലെ ഗുണ്ടാ സംഘം നീരജ്‌ ബവാനയുടെ വീഡിയോകള്‍ കണ്ട്‌ ഇയാളുടെ സംഘത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു എന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ഇരുവരും പൊലീസിന്‌ മൊഴി നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌.

Leave a Comment

More News