വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജ് അറസ്റ്റിൽ

കൊച്ചി: നിഖില്‍ തോമസിന്‌ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതിന്‌ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ അബിന്‍ സി രാജ്‌ അറസ്റ്റില്‍. വിവാദമായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ കേസിലെ രണ്ടാം പ്രതിയാണ്‌ അബിന്‍. വിദേശത്തായിരുന്ന ഇയാള്‍ നെടുമ്പാശേരിയില്‍ ഇറങ്ങിയ ഉടനെ കസ്റ്റഡിയിലെടുത്തു.

പിടിയിലായതിന്‌ പിന്നാലെ എസ്‌എഫ്‌ഐ കായംകുളം മുന്‍ ഏരിയ സെക്രട്ടറി അബിന്‍ രാജാണ്‌ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതെന്ന്‌ നിഖില്‍ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ്‌ മാലി ദ്വീപിലുണ്ടായിരുന്ന അബിനെ കേരളത്തിലെത്തിക്കാന്‍ പൊലീസ്‌ ശ്രമം തുടങ്ങിയത്‌. അന്വേഷണം വിപുലീകരിച്ചതോടെ അബിന്‍ കൂടുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതായി പൊലീസിന്‌ വിവരം ലഭിച്ചു.

കായംകുളത്ത്‌ മാത്രം ഇയാള്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കററ്‌ ഉപയോഗിച്ച്‌ പത്തോളം പേര്‍ കോളേജുകളില്‍ പ്രവേശനം നേടിയതായും ജോലി നേടിയതായും സൂചനയുണ്ട്‌. രണ്ട്‌ മുതല്‍ നാല്‌ ലക്ഷം രൂപ വരെ പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ചിലവഴിച്ചു. ഉപരിപഠനത്തിനും നിയമപഠനത്തിനും ജോലിക്കുമായി നിരവധി പേരാണ്‌ അബിനില്‍ നിന്ന്‌ വ്യാജ സര്‍ട്ടിഫിക്കററ്‌ നേടിയത്‌. കലിംഗ സര്‍വകലാശാലയുടെ പേരിലായിരുന്നു സര്‍ട്ടിഫിക്കറ്റ്‌ ബിസിനസ്‌.

Leave a Comment

More News