മഹാത്മ അയ്യങ്കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യുക: വെൽഫെയർ പാർട്ടി

മഹാത്മ അയ്യങ്കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ ജാഥ

കൊച്ചി: മഹാത്മാ അയ്യങ്കാളിയുടെ വിപ്ലവ വീര്യത്തെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന സവർണ മാടമ്പികളാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ. മഹാത്മ അയ്യങ്കാളിയുടെ വികൃതമാക്കിയ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി എറണാകുളം ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ ജാഥയും പൊതുയോഗവും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ എഴുതപ്പെടാത്ത ഒരു സുവർണ കാലഘട്ടം തൻ്റെ പോരാട്ടങ്ങൾ കൊണ്ടും അവകാശ ബോധങ്ങൾ കൊണ്ടും എഴുതി ചേർത്ത മഹാനായിരുന്നു മഹാത്മ അയ്യങ്കാളി എന്നും അദ്ദേഹത്തെ ഇത്തരത്തിൽ അപമാനിച്ച് വേട്ടയാടാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് കെ. എച്ച്.സദക്കത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, സെക്രട്ടറി നാദിർഷ, പറവൂർ മണ്ഡലം പ്രസിഡണ്ട് എം. യു. ഹാഷിം തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജൻ മുട്ടിനകം, സാജൻ ചെറായി, മണ്ഡലം പ്രസിഡണ്ടുമാരായ റിയാദ് മുഹമ്മദ്, ജലാലുദ്ദീൻ, കളമശ്ശേരി മണ്ഡലം സെക്രട്ടറി സലാഹുദ്ദീൻ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു.

Leave a Comment

More News