എം.ടി. പുന്നയൂര്‍ക്കുളത്തുകാര്‍ക്ക് അഭിമാനം (അബ്ദുള്‍ പുന്നയൂര്‍ക്കുളം)

മലയാളത്തിന്‍റെ സുകൃതമായ ശ്രീ. എം.ടി.വാസുദേവന്‍ നായരുടെ നവതി 2023 ജൂലൈ 15നാണ്. എം.ടി യുടെ പിതൃഗൃഹം പുന്നയൂര്‍ക്കുളത്താണ് എന്‍റെയും നാട്. തെണ്ടിയത്ത് തറവാട്ടിലെ നാരായണന്‍ നായര്‍ അദ്ധ്യാപകനായി പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ എത്തിയപ്പോഴാണ്, മാടത്ത് തെക്കപ്പാട്ടു നിന്ന് എം.ടി യുടെ അമ്മയായ അമ്മാളു അമ്മയെ വിവാഹം കഴിച്ചത്. എം.ടിയുടെ അച്ഛന്‍റെ പെങ്ങളുടെ മകള്‍ കാര്‍ത്യായനി ടീച്ചറുടെ വീട് അടുത്താണ്. അതിന്‍റെയും അടുത്ത് പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി (കമലാ സുറയ്യ) യുടെ നാലപ്പാട് തറവാട്.

മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി. യെ 43വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ ഗോവിന്ദന്‍ മാഷ് എനിക്ക് പരിചയപ്പെടുത്തുന്നത്. അന്നായിരുന്നു (മെയ് 1980) എന്‍റെ സുഹൃത്തും എം.ടി യുടെ ജ്യേഷ്ഠന്റെ മകനുമായ ടി. മോഹന്‍ ബാബുവിന്‍റെയും നിര്‍മ്മലയുടെയും വിവാഹം.

എം.ടി യുടെ സംഭവബഹുലമായ ജീവിത യാത്രയെപ്പറ്റി പലതും മോഹന്‍ ബാബുവില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതിലൊന്ന്, സാഹിത്യപാരമ്പര്യം അവകാശപ്പെടാനില്ലാത്ത എം.ടി.ക്ക് 13 വയസ്സിലേ വായനയില്‍ ഭ്രമമായിരുന്നു. വായനാ ഭ്രമം കൊണ്ട് അമ്മ തറവാടായ കൂടല്ലൂരില്‍ നിന്ന് 9 മൈല്‍ അകലെ, കുമരനെല്ലൂരിലെ മഹാകവി അക്കിത്തത്തിന്‍റെ വീട്ടിലേക്ക് നടക്കും. അവിടെ നിന്ന് പുസ്തകം കടം വാങ്ങി കുന്നും കുഴിയുമായ വഴിയിലൂടെ തിരിച്ചും നടക്കും. പിറ്റേന്ന് പുസ്തകം തിരികെ നല്‍കേണ്ടതിനാല്‍ അത് ഒറ്റ രാത്രി കൊണ്ട് പകര്‍ത്തിയെഴുതും. ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ചങ്ങമ്പഴയുടെ രമണനും ഉണ്ടാവും.

42 വര്‍ഷം മുമ്പ് എന്‍റെ അമേരിക്കയിലേക്കുളള യാത്ര പറയനാണ് ആദ്യമായി എം.ടി.യുടെ കോഴിക്കോട്ടെ സിതാര വസതിയിലെത്തുന്നത്. 10 കൊല്ലം മുമ്പ്, സിതാരയില്‍ വീണ്ടും പോയത്, എന്‍റെ എളാപ്പ ചെറുകഥാ സമാഹാരത്തിന്‍റെ അവതാരിക അദ്ദേഹം എഴുതിത്തന്നത് ആദരപൂര്‍വ്വം സ്വീകരിക്കാനായിരുന്നു. തിരൂര്‍ തുഞ്ചന്‍ പറമ്പ് അടക്കം, എം.ടി.യുമായുളള ഓരോ കൂടിക്കാഴ്ച്ചക്കും സൗകര്യം ഒരുക്കിയത് എം.ടി. യുടെ ജ്യേഷ്ഠന്റെ മറ്റൊരു മകന്‍ സതീഷാണ്.

എഴുത്തിന്‍റെ മാസ്മരിക ലോകത്തെ അതുല്യ പ്രതിഭാസമാണ് എം.ടി. 1995ലെ ജ്ഞാനപീഠം ജേതാവ്. മലയാളികളുടെ വായനാലോകത്തെ രാജശില്പിക്ക് പുന്നയൂര്‍ക്കുളത്തുകാരന്‍റെ നവതി ആശംസകള്‍.

 

Leave a Comment

More News