യുവാവിന്റെ ദുരൂഹ മരണം; മാതാപിതാക്കളേയും സഹോദരനേയും അറസ്റ്റു ചെയ്തു

കൊല്ലം: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് യുവാവിന്റെ മാതാപിതാക്കളേയും സഹോദരനെയും പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചിതറയില്‍ 21 കാരനായ ആദർശിനെയാണ് മരിച്ച നിലയിൽ വീട്ടില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് വീടിനുള്ളിൽ അടുക്കളയോട് ചേർന്നുള്ള മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആദർശിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരിൽ ഒരാളെ വിവരമറിയിച്ചു. അയാളാണ് പോലീസിൽ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകം ആണെന്ന് പോലീസിന് വ്യക്തമായി. ഇതോടെയായിരുന്നു വീട്ടുകാരെ കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ രാത്രി ആദർശ് മറ്റൊരു വീട്ടിൽചെന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ട് വരികയായിരുന്നു. വീട്ടിലെത്തിയ ശേഷം വീട്ടുകാരുമായി വഴക്കുണ്ടായി. ഇതിനിടെ വാക്കത്തിയെടുത്ത് കൈ ഞരമ്പ് മുറിയ്ക്കാന്‍ ശ്രമിച്ചു എന്നും പറയുന്നു. എന്നാല്‍, അതിനിടെ മരണം സംഭവിച്ചു എന്നാണ് നിഗമനം. ആദർശിന്റെ വീട്ടുകാരെ ചോദ്യം ചെയ്തുവരികയാണ്.

Leave a Comment

More News