മാര്‍ത്തോമ്മാ സഭയുടെ റമ്പാന്‍ന്മാരായി നിയോഗിതരായവരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുമോദിച്ചു

ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ നിയുക്ത ബിഷപ്പുന്മാരായ റവ. സജു സി. പാപ്പച്ചന്‍, റവ. ഡോ. ജോസഫ് ഡാനിയേല്‍, റവ. മാത്യു കെ. ചാണ്ടി എന്നിവർ ഒക്ടോബര്‍ 2 ന് രാവിലെ 8 മണിക്ക് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നടന്ന റമ്പാന്‍ നിയോഗ ശുശ്രൂഷയിലൂടെ റമ്പാന്‍ സ്ഥാനത്തേക്ക് പ്രവേശിച്ചു. ഇവരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുമോദിച്ചു. ഭദ്രസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലിക്സിനോസ് ചടങ്ങിൽ സഹ കാർമ്മികത്വം വഹിക്കുകയും, ഭദ്രാസനത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു.

മലങ്കര മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ നടന്ന ശുശ്രുഷയിൽ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ കാര്‍മ്മികത്വം വഹിച്ചു. ഡോ. ജോസഫ് മാര്‍ ബർന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ, ബിഷപ്പുന്മാരായ തോമസ് മാര്‍ തിമോഥിയോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തിമോത്തിയോസ്, തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാപ്പൊലീത്താ എന്നിവരും സഹകാര്‍മ്മികരായിരുന്നു.

ദാരിദ്ര്യം, ബ്രഹ്‌മചര്യം, അനുസരണം തുടങ്ങിയ ജീവതചര്യ ആയുസ്സ്പര്യന്തം നിറവേറ്റുവാന്‍ തങ്ങളെ തന്നെ ദൈവകരങ്ങളില്‍ ഏല്‍പ്പിക്കപ്പെടുക എന്ന ഒരു ശുശ്രൂഷയാണ് റമ്പാന്‍ സ്ഥാനം. സുറിയാനി സഭാ പാരമ്പര്യത്തില്‍ ഉത്തമരായ സന്യസ്തരില്‍നിന്നാണ് മേല്‍പ്പട്ടക്കാരെ അഭിഷേകം ചെയ്തിരുന്നത്. ആ ധന്യമായ പാരമ്പര്യത്തെ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയും പിന്‍തുടരുന്നതിന്റെ ഭാഗമായിട്ടാണ് റമ്പാന്‍ സ്ഥാനദായക ശുശ്രൂഷ സഭ നടത്തുന്നത്. റമ്പാന്‍ന്മാരില്‍ നിന്നാണ് സഭ മെത്രാന്‍ സ്ഥാനത്തേക്ക് നിയോഗം നല്‍കുന്നത്.

കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ്മാ ഇടവകയില്‍ ചെമ്മണ്ണൂര്‍ സി.സി. പാപ്പച്ചന്റെയും സാറാമ്മ പാപ്പച്ചന്റെയും മകനായി 1969 ഏപ്രില്‍ 22ന് ജനിച്ച റവ. സജു സി. പാപ്പച്ചന്‍, സുറിയാനിയില്‍ എം.എ. ബിരുദവും പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്ന് ലിറ്റര്‍ജിയില്‍ എം.റ്റി.എച്ച്. ബിരുദവും നേടി. ഇപ്പോള്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ ലിറ്റര്‍ജിയില്‍ ഗവേഷണം നടത്തുന്നു.

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്സോസ്റ്റം വലിയ മെത്രാപ്പൊലീത്താ എന്നിവരുടെ സെക്രട്ടറി ആയിരുന്നു. കോട്ടയം വൈദീക സെമിനാരിയിൽ സുറിയാനി അധ്യാപകന്‍, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ അംഗം, ശെമ്മാശന്‍മാരുടെ മല്‍പാന്‍ എന്നീ നിലകളിലും ശുശ്രൂഷ ചെയ്തിരുന്നു. മുന്‍ ന്യൂയോര്‍ക്ക് സെന്റ് തോമസ് ഇടവക വികാരിയാണ്.

റാന്നി കൊച്ചുകോയിക്കല്‍ ട്രിനിറ്റി മാര്‍ത്തോമ്മ ഇടവകയില്‍ കാരംവേലിമണ്ണില്‍ തോമസ് ഡാനിയേലിന്റെയും വടശ്ശേരിക്കര പുത്തന്‍പറമ്പില്‍ സാറാമ്മ തോമസിന്റെയും മകനായി 1970 ഓഗസ്റ്റ് 19ന് ജനിച്ച റവ. ഡോ. ജോസഫ് ഡാനിയേല്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടുകൂടിയാണ് എം.എ. പാസായത്. സെറാംപൂര്‍ സര്‍വ്വകലാശാലയില്‍നിന്നും സഭാ ചരിത്രത്തില്‍ എം.ടി.എച്ച്. ബിരുദവും സ്വിസ്റ്റ്‌സര്‍ലഡിലെ ബേണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. Polotics of othering in Indian Nationalism and Christians in India എന്ന വിഷയത്തില്‍ പോസ്റ്റ് ഡോക്ടറല്‍ പ്രബന്ധവും പൂര്‍ത്തീകരിച്ചു. ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ചാപ്ലേയിന്‍ ആയിരുന്നു. കോട്ടയം മാര്‍ത്തോമ്മ വൈദീക സെമിനാരി അധ്യാപകനും FFRRC അധ്യാപകനായും റിസേര്‍ച്ച് ഗൈഡായും അക്കാഡമിക് ഡീനായും പ്രവര്‍ത്തിച്ചു. ആഗ്ലിക്കന്‍ പുരാതന കത്തോലിക്ക ദൈവശാസ്ത്രജ്ഞന്മാരുടെ സമ്മേളനം, യൂറോപ്യന്‍ സര്‍വ്വകലാശാല സമ്മേളനങ്ങള്‍, അന്താരാഷ്ട്ര സര്‍വ്വകലാശാല സമ്മേളനങ്ങള്‍ ആദിയവയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മല്ലപ്പള്ളി മാര്‍ത്തോമ്മ ഇടവകയില്‍ കിഴക്കേ ചെറുപാലത്തില്‍ ബഹനാന്‍ ചാണ്ടിയുടെയും, വാളക്കുഴി നെയ്‌തേലില്‍ അന്നമ്മ ചാണ്ടിയുടെയും മകനായി 1972 മെയ് 1ന് ജനിച്ച റവ. മാത്യു കെ.ചാണ്ടി, ഹിന്ദി സാഹിത്യത്തില്‍ ജബല്‍പൂര്‍ റാണി ദുര്‍ഗ്ഗാവതി സര്‍വ്വകലാശാലയില്‍നിന്നും എം.എ. ബിരുദവും, ജബല്‍പൂര്‍ ലിയനാര്‍ഡ് തിയോളജിക്കല്‍ കോളജില്‍നിന്ന് ബി.ഡി. ബിരുദം നേടി. 1997 മുതല്‍ സിഹോറയിലുള്ള ക്രിസ്തുപന്തി ആശ്രമത്തില്‍ സ്ഥിരാംഗമായി. ജബല്‍പൂര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി. ബിരുദവും നേടി. ഈശോ മാര്‍ തിമോത്തിയോസ് സ്മാരക പരിശീലനകേന്ദ്രത്തിന്റെ പ്രിന്‍സിപ്പാൾ, നോര്‍ത്ത് ഇന്‍ഡ്യ മാര്‍ത്തോമ്മ ഇവാന്‍ജലിസ്റ്റിക് ഫെലോഷിപ്പിന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.

മാർത്തോമ്മ സഭാ കൗണ്‍സിന്റെ മുന്‍ തീരുമാനപ്രകാരം ഡിസംബര്‍ 2ന് തിരുവല്ലായില്‍ വെച്ച് നടത്തപ്പെടുന്ന എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണ ശുശ്രൂഷയോടെ ഇവര്‍ മൂവരും മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പാന്മാരായി സ്ഥാനപ്രവേശം ചെയ്യും.

 

Leave a Comment

More News