12 കിലോ ഹെറോയിനുമായി രണ്ട് മയക്കുമരുന്ന് കടത്തുകാരെ പഞ്ചാബ് പോലീസ് പിടികൂടി

ചണ്ഡീഗഡ്: 12 കിലോ ഹെറോയിനുമായി രണ്ടു പേരെ പഞ്ചാബ് പോലീസ് വ്യാഴാഴ്ച പിടികൂടി. തർൺ തരൺ ജില്ലയിലെ മല്ലൻ ഗ്രാമത്തിലെ താമസക്കാരായ ബിന്ദർ എന്ന ഗുർബിന്ദർ സിംഗ്, കാന്ത എന്ന കുൽവന്ത് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിർത്തിക്കപ്പുറത്ത് നിന്ന് വൻതോതിൽ ഹെറോയിൻ കടത്താനുള്ള ശ്രമത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെത്തുടർന്ന് ഫിറോസ്പൂരിലെ കൗണ്ടർ ഇന്റലിജൻസിന്റെ പോലീസ് സംഘങ്ങൾ ഫിറോസ്പൂരിലെ ഖില്ല ചൗക്കിൽ ഓപ്പറേഷൻ നടത്തിയിരുന്നു. അതിർത്തി പ്രദേശത്ത് നിന്ന് ഹെറോയിൻ ചരക്ക് സ്വീകരിച്ച് രണ്ടു പേരും കാറിൽ വരുമ്പോഴായിരുന്നു പോലീസ് സംഘം പിടികൂടിയതും 12 കിലോ ഭാരമുള്ള 16 പാക്കറ്റ് ഹെറോയിൻ കണ്ടെടുക്കുകയും ചെയ്തത്.

അറസ്റ്റിലായ രണ്ടുപേരും മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നവരാണെന്നും എൻഡിപിഎസ് നിയമപ്രകാരം നിരവധി കേസുകള്‍ നേരിടുന്നവരാണെന്നും ഫിറോസ്പൂരിലെ കൗണ്ടർ ഇന്റലിജൻസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ (എഐജി) ലക്ഭീർ സിംഗ് പറഞ്ഞു. സംഘത്തില്‍ പെട്ട കൂടുതൽ ആളുകളെ കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

More News