മുന്നറിയിപ്പ് അവഗണിച്ച് ഗാസ വിട്ടുപോകാത്തവരെ ഹമാസായി കാണും: ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്‌: ഗാസ വിട്ടുപോകാനുള്ള മുന്നറിയിപ്പ് അവഗണിച്ച് വടക്കന്‍ ഗാസയില്‍ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി കാണുമെന്നും അവര്‍ ആക്രമണത്തിന്‌ ഇരയാകുമെന്നും ഇസ്രായേലിന്റെ മുന്നറിയിപ്പ്‌. അറബി ഭാഷയിലുള്ള മുന്നറിയിപ്പ്‌ ലഘുലേഖകളുടെ രൂപത്തില്‍ വായുവില്‍ ചിതറി. ആക്രമണം കൂടുതല്‍ ശക്തമാകുമെന്നതിന്റെ സൂചനയാണിത്‌. ഗാസയിലേക്ക്‌ കടക്കാന്‍ കാത്തിരിക്കുന്ന കരസേനയുടെ മുന്നേറ്റം സുഗമമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഇസ്രായേല്‍ വ്യക്തമാക്കി.

അതേസമയം, ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന്‌ ഇറാന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കാര്യങ്ങള്‍ നിയന്ത്രണാതീതമാകുമെന്ന്‌ ഇറാന്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ്‌ നല്‍കി. കഴിഞ്ഞ ദിവസം ഈജിപ്തില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ ഇറാന്‍ പങ്കെടുത്തിരുന്നില്ല.

ഇറാന്റെ പിന്തുണയുള്ള ലെബനനില്‍ നിന്നുള്ള ഹിസ്ബുള്ള ഗ്രുപ്പ്‌ ആക്രമണം നടത്തിയാല്‍ ഇസ്രായേല്‍ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഗാസ അതിര്‍ത്തിയില്‍ സൈനികരെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.

വടക്കന്‍ ഗാസയിലെ 20 ആശുപത്രികളോടും ഒഴിയാന്‍ ഉത്തരവിട്ടിട്ടുണ്ട്. ആറ്‌ ആശുപത്രികളെ ഒഴിപ്പിച്ചു. 10 ആശുപത്രികള്‍ സാവകാശം തേടി. ഇത്‌ സാധ്യമല്ലെന്ന നിലപാടാണ്‌ നാല്‌ ആശുപത്രികള്‍ സ്വീകരിക്കുന്നത്‌. 400 രോഗികളെ കൂടാതെ വീട്‌ വിട്ടുപോയ 12,000 പേര്‍ താമസിക്കുന്ന അല്‍ ഖുദ്സ്‌ ആശുപത്രിയും എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. രോഗികളെ വധശിക്ഷയ്ക്ക്‌ വിധിക്കുന്നതിന്‌ തുല്യമാണ്‌ ഇസ്രായേലിന്റെ നിര്‍ദേശമെന്ന്‌ റെഡ്‌ ക്രസന്റ്‌ അധികൃതര്‍ പ്രതികരിച്ചു.

ആശുപത്രികളുടെയും ആരാധനാലയങ്ങളുടെയും മറവിലാണ്‌ ഹമാസ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌ ഇസ്രയേലിന്റെ നിലപാട്‌. ഗാസയിലെ 31 പള്ളികള്‍ ഇസ്രായേല്‍ തകര്‍ത്തതായി ഹമാസ്‌ പറയുന്നു.

ഒക്ടോബര്‍ ഏഴിന്‌ ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,651 ആയി ഉയര്‍ന്നു. ഇസ്രായേലില്‍ ഹമാസ്‌ നടത്തിയ ആക്രമണത്തില്‍ 1400-ലധികം പേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 89 പേര്‍ കൊല്ലപ്പെട്ടു.

കൂടുതൽ THAAD (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്), പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റങ്ങൾ എന്നിവ പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചു.

ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍

രണ്ട്‌ മുതിര്‍ന്ന ഹമാസ്‌ കമാന്‍ഡര്‍മാരുള്‍പ്പടെ 55 പേര്‍ ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ്‌ അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ ജെനിനിലെ അല്‍ അന്‍സാര്‍ പള്ളിയുടെ ഭൂഗര്‍ഭ അറ മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കുകയും അവിടെയുള്ള ഇസ്ലാമിക്‌ ജിഹാദിനെയും ഹമാസ്‌ തീവ്രവാദികളെയും കൊല്ലുകയും ചെയ്യതായി ഇസ്രായേല്‍ പ്രഖ്യാപിച്ചു.

സിറിയയിലെ ഡമാസ്‌കസ്‌, അലപ്പോ വിമാനത്താവളങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന്‌ പിന്നാലെ വിമാനങ്ങള്‍
ലതാകിയയിലേക്ക്‌ തിരിച്ചുവിട്ടു. ദമാസ്കസില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു

ബന്ദികളുടെ മോചനം

ഗാസയില്‍ ഹമാസ്‌ ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്മാരെ ഉടന്‍ മോചിപ്പിക്കാനാകുമെന്ന്‌ ചര്‍ച്ചകള്‍ക്ക്‌ മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ട്‌ അമേരിക്കന്‍ ബന്ദികളെ വെള്ളിയാഴ്ച മോചിപ്പിച്ചു. നിലവില്‍ 212 ബന്ദികളുണ്ടെന്നാണ്‌ ഇസ്രായേല്‍ കണക്കാക്കുന്നത്‌.

Leave a Comment

More News