ഉക്രെയിനിന് സൈനിക സഹായ പാക്കേജ്: യുഎസ്, ജർമ്മൻ നേതാക്കൾ യുഎസ് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തി

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡനും, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഉക്രെയിനിനുള്ള ദീർഘകാല സൈനിക സഹായ പാക്കേജ് അംഗീകരിക്കാൻ യുഎസ് നിയമനിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്യുന്ന പക്ഷം കിയെവിന് റഷ്യക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വെള്ളിയാഴ്ച, ഉക്രെയ്നിനുള്ള ഫണ്ട് പാസാക്കാത്തതിന് കോൺഗ്രസിനെ ബൈഡൻ വിമർശിക്കുകയും അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അത് “ക്രിമിനൽ അവഗണന” പോലെയായിരിക്കുമെന്നും മുന്നറിയിപ്പും നല്‍കി.

കിയെവിന് കോൺഗ്രസിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് പിന്തുണ നൽകുന്നതിനായി ബൈഡനെ സന്ദർശിക്കാന്‍ ഷോള്‍സ് എത്തിയ വേളയിലായിരുന്നു ബൈഡന്റെ പരാമര്‍ശം. “ഉക്രെയ്നെ പിന്തുണയ്ക്കാത്തതിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൻ്റെ പരാജയം ക്രിമിനൽ അവഗണനയ്ക്ക് തുല്യമാണ്,” ബൈഡന്‍ ഓവൽ ഓഫീസിൽ പറഞ്ഞു. അത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനിർമ്മാതാക്കളിൽ നിന്ന് ഉക്രെയിനുള്ള സഹായത്തിൻ്റെ അഭാവം റഷ്യയെ നേരിടാനുള്ള അതിൻ്റെ ശേഷിയെ സാരമായി ബാധിക്കുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് വൈറ്റ് ഹൗസ് മാസങ്ങളായി തുടർച്ചയായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു.

“അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയില്ലെങ്കില്‍, സ്വന്തം രാജ്യത്തെ പ്രതിരോധിക്കാൻ ഉക്രെയ്‌നിന് അവസരമുണ്ടാകില്ല,” എന്ന് യൂറോപ്പിലെ ഏറ്റവും വലിയ സൈനിക പിന്തുണയുള്ള കീവിൻ്റെ നേതാവായ ഷോൾസ് മുന്നറിയിപ്പ് നൽകി.

അതുകൊണ്ടാണ് ഇത് ഇപ്പോൾ സംഭവിക്കണമെന്ന് ഞങ്ങൾ രണ്ടുപേരും ഉറച്ചു വിശ്വസിക്കുന്നത്. മാത്രമല്ല, അമേരിക്കൻ കോൺഗ്രസ് ആത്യന്തികമായി അത്തരമൊരു തീരുമാനം എടുക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട് എന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

യൂറോപ്യൻ യൂണിയൻ കഴിഞ്ഞയാഴ്ച ഉക്രെയ്‌നിനായി നാല് വർഷത്തെ 50 ബില്യൺ യൂറോ (54 ബില്യൺ ഡോളർ) സഹായം അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിലെ റഷ്യൻ സൈനിക നടപടിയെക്കുറിച്ച് റിപ്പോർട്ടർമാരുമായി സംസാരിച്ച അദ്ദേഹം ഉക്രെയ്ൻ, ഇസ്രായേൽ, തായ്‌വാൻ എന്നിവയ്‌ക്കുള്ള സഹായം ഉൾപ്പെടുന്ന 95.34 ബില്യൺ ഡോളർ ബിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎസ് സെനറ്റിൻ്റെ നീക്കം ശുഭസൂചകമായി തനിക്ക് തോന്നിയെന്ന് പറഞ്ഞു.

വാഷിംഗ്ടണിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി കിയെവിന് നിർണായകമായ വെടിക്കോപ്പുകളുടെ ക്ഷാമത്തിന് കാരണമാകുകയും, കിഴക്കൻ ഉക്രെയ്‌നിലെ നിരന്തരമായ ശൈത്യകാല ആക്രമണത്തിൽ റഷ്യന്‍ സൈന്യത്തിന്റെ ക്രമാനുഗതമായ മുന്നേറ്റത്തിന് കാരണമാകുകയും ചെയ്തു.

അതേസമയം, വ്യാഴാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഒരു പാശ്ചാത്യ പത്രപ്രവർത്തകനുമായുള്ള ആദ്യ അഭിമുഖത്തിൽ, ഉക്രെയ്‌നിൽ ക്രെംലിനെ പരാജയപ്പെടുത്തുന്നത് “അസാധ്യമാണ്” എന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 

 

 

 

 

Leave a Comment

More News