സംഘടനാ സേവന സമ്പത്തുള്ള ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റായി വരേണ്ടത് അനിവാര്യം: നന്ദകുമാര്‍ ചാണയില്‍

ന്യൂയോര്‍ക്ക്: നീണ്ട 38 വര്‍ഷമായി മലയാളി സമൂഹത്തില്‍ സദാ സന്നദ്ധസേവകയായി പ്രവര്‍ത്തിച്ചുവരുന്ന ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യമായ ധാര്‍മിക ചുമതലയാണെന്ന് ഡോ. നന്ദകുമാര്‍ ചാണയില്‍ അഭിപ്രായപ്പെട്ടു. കേരള സമാജത്തിന്റെ ഓഡിറ്റര്‍ പദവിയില്‍ തുടങ്ങി പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ളത് അവരുടെ സ്ഥിര പ്രയത്നംകൊണ്ടാണ്. അതുപോലെ തന്നെയാണ് രണ്ടു ദശാബ്ദക്കാലമായി ഫൊക്കാനയിലും പ്രസിഡന്റ് പദവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചു. ഇത്രയും സേവന പാരമ്പര്യമുള്ള ഈ വനിതയെ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റായി അവരോധിക്കേണ്ടത് ഫൊക്കാനയോട് കൂറുള്ള എല്ലാ ഡെലിഗേറ്റുകളുടേയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതുകാര്യം ഏല്‍പിച്ചാലും ആത്മാര്‍ഥതയോടെ ചെയ്തുതീര്‍ക്കാനുള്ള പാടവം അവര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മലയാളി സമൂഹത്തില്‍ ഏതു പ്രശ്നമുണ്ടായാലും അതിനുള്ള പരിഹാര മാര്‍ഗത്തിനായി ശ്രമിക്കാന്‍ ലീലാ മാരേട്ട് ജാഗരൂകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മലയാളി സമൂഹത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ വനിത നേതൃത്വം വഹിക്കുക പതിവാണ്. എന്തിനും ഏതിനും മലയാളികളുടെ നന്മ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ലീല മാരേട്ട് ഫൊക്കാന അധ്യക്ഷ പദവിയിലെത്തിയാല്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് മലയാളികളുടെ നാട്ടിലുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരം നേടാന്‍ പ്രവര്‍ത്തിക്കുമെന്നുള്ളത് മറ്റൊരു മുതല്‍ക്കൂട്ടാണെന്നും ഡോ. നന്ദകുമാര്‍ ചാണയില്‍ പറഞ്ഞു.

അതിനാല്‍ എല്ലാ ഡെലിഗേറ്റ്സും ഫൊക്കാനയുടെ അഭിവൃദ്ധിക്കും യശസ്സിനുമായി ലീലാ മാരേട്ടിനെ തങ്ങളുടെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കുമെന്ന പ്രത്യാശയും ഒപ്പം അതിനുള്ള നന്ദിയുമുണ്ട്. മൂന്നാം തവണയാണ് ഈ പദവയിലേക്കവര്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരം മൂത്തപ്പോള്‍ വളരെ ചുരുങ്ങിയ ഭൂരിപക്ഷത്തിനാണ് പദവി നഷ്ടപ്പെട്ടത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് നീതി പുലര്‍ത്താന്‍ എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനിയും അവസരമുണ്ട്. സേവന പാരമ്പര്യവും ഫൊക്കാനയിലെ ദീര്‍ഘനാളത്തെ പ്രവര്‍ത്തന പരിചയവുമുള്ള വ്യക്തിത് ഒരു അവസരം നല്‍കുക.

Leave a Comment

More News