അമേരിക്കയില്‍ ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്‌നവി കണ്ടുലയുടെ മരണം; ‘നീതി എവിടെ’ എന്ന് ഹിന്ദു ഗ്രൂപ്പ്

ന്യൂയോർക്ക്: ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്‌നവി കണ്ടുലയെ കൊലപ്പെടുത്തിയ കേസില്‍ ആക്രമിച്ചവർക്കെതിരെ ഒരു കുറ്റവും ചുമത്താതെ തള്ളുന്നത് ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണെന്ന് അമേരിക്കയിലെ ഒരു ഉന്നത ഹിന്ദു അഭിഭാഷക സംഘം ആരോപിച്ചു.

കഴിഞ്ഞ വർഷം ജനുവരി 23 ന് രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് സിയാറ്റില്‍ പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ചിരുന്ന വാഹനമിടിച്ച് സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ജാഹ്‌നവി മരണപ്പെട്ടത്.

മതിയായ തെളിവുകളുടെ അഭാവം മൂലം ഓഫീസര്‍ ഡേവിനെ കോടതി വെറുതെ വിട്ടു.

വിവിധ പശ്ചാത്തലങ്ങളിലും പ്രായത്തിലുമുള്ള ഹിന്ദുക്കളുടെ പൗരാവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ പോലും നീതിന്യായ വ്യവസ്ഥിതി പരിഗണിക്കാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഹിന്ദു അഭിഭാഷക ഗ്രൂപ്പായ കോളിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) പറഞ്ഞു.

ജാഹ്‌നവി കന്ദുലയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുകയും ആ കുട്ടിയെ ആക്രമിച്ചവർക്കെതിരെ ഒരു കുറ്റവും ചുമത്താതെ വെറുതെ വിട്ടതും ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. സിയാറ്റിലിലെ നടപ്പാതയിൽ പോലീസ് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ യുവ അന്താരാഷ്‌ട്ര വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നീതി എവിടെയാണ്?,” X-ലെ ഒരു പോസ്റ്റിൽ CoHNA പറഞ്ഞു.

ഇത്തരുണത്തില്‍, 2015-ൽ സുരേഷ്ഭായ് പട്ടേലിനെ തളർത്തിയ പോലീസ് ക്രൂരതയെ അഭിമുഖീകരിച്ച “കുപ്രസിദ്ധമായ” കേസാണ് തങ്ങളെ ഓർമ്മിപ്പിക്കുന്നതെന്ന് സംഘം പറഞ്ഞു. 57 വയസ്സുള്ള പട്ടേൽ, അലബാമയിലെ അവരുടെ വീടിന്റെ പരിസരത്ത് നടക്കാനിറങ്ങിയപ്പോഴാണ് 27 കാരനായ എറിക് പാർക്കർ എന്ന പോലീസ് ഓഫീസര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചതും ദേഹ പരിശോധന നടത്തിയതും. തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ ആ മധ്യവയസ്കനെ നിലത്തേക്ക് മറിച്ചിട്ടു. ആഘാതത്തില്‍ അദ്ദേഹത്തിന്റെ നട്ടെല്ലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് പിന്നീട് പക്ഷാഘാതവുമേറ്റു.

ആ കേസില്‍ മതിയായ തെളിവുകളുടെ അഭാവത്തിൽ പാർക്കറിനെതിരായ കുറ്റങ്ങളും സമാനമായി കോടതി നിരസിക്കുകയും ചെയ്തെന്ന് CoHNA പറഞ്ഞു.

സിയാറ്റിൽ പോലീസ് ഓഫീസർ ഡേവിനെതിരായ വിചാരണയുമായി തങ്ങൾ മുന്നോട്ട് പോകില്ലെന്നും, അദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്തില്ലെന്നും കിംഗ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

അമിതവേഗതയിലെത്തിയ പോലീസ് പട്രോളിംഗ് വാഹനം ഇടിച്ച് 100 അടിയോളം അകലേക്ക് തെറിച്ചുവീണ ജഹ്‌നവി കന്ദുല സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.

 

Leave a Comment

More News