അക്രമാസക്തമായ ജനക്കൂട്ടത്തിൽ നിന്ന് യുവതിയെ രക്ഷിച്ച പാക്കിസ്താന്‍ പോലീസ് ഓഫീസര്‍ ഷെഹർബാനോയെ സൗദി അറേബ്യ ക്ഷണിച്ചു

റിയാദ്: ലാഹോറിലെ അച്ര മാർക്കറ്റിൽ അക്രമാസക്തമായ ജനക്കൂട്ടത്തിൽ നിന്ന് ഒരു യുവതിയെ രക്ഷിച്ചതിന് പാക്കിസ്താന്‍ പോലീസ് ഓഫീസര്‍ സൈദ ഷെഹർബാനോ നഖ്‌വിയെ സൗദി അറേബ്യ രാജകീയ അതിഥിയായി ക്ഷണിച്ചു.

യുവതി ധരിച്ചിരുന്ന വസ്ത്രത്തില്‍ അറബിയില്‍ എഴുതിയിരുന്ന വാക്ക് ഖുറാനിലെ വാക്യമാണെന്ന് ചിലർ തെറ്റിദ്ധരിച്ച് യുവതിക്കെതിരെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം അവരെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍, വസ്ത്രത്തില്‍ കാലിഗ്രാഫിയിൽ എഴുതിയിരുന്ന “ഹലുവാ (ഹിൽവ)” എന്ന വാക്ക് “മനോഹരം” എന്നായിരുന്നു.

ഫെബ്രുവരി 25 ഞായറാഴ്ച ലാഹോറിലെ ഒരു റെസ്റ്റോറൻ്റിൽ യുവതിയും ഭർത്താവും ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. വീഡിയോയില്‍ ഒരു സ്ത്രീ തൻ്റെ കൈകൾ കൊണ്ട് മുഖം മറയ്ക്കുന്നു, ചുറ്റും ആളുകൾ മുദ്രാവാക്യം വിളിക്കുകയും അവരുടെ കുർത്ത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതും കാണാം.

ബഹളത്തിനിടയില്‍ വനിതാ പോലീസ് ഓഫീസർ എഎസ്‌പി ഷെഹർബാനു നഖ്‌വി സംഭവ സ്ഥലത്തെത്തുകയും യുവതിയെ സുരക്ഷിതമായി അവിടെ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

അവരുടെ ധീരമായ പ്രവർത്തനങ്ങൾക്ക് നഖ്‌വിയെ ഓൺലൈനിൽ പ്രശംസിക്കുകയും പഞ്ചാബ് പോലീസ് അവരെ ക്വയ്ദ്-ഇ-അസം പോലീസ് മെഡലിന് ശുപാർശ ചെയ്യുകയും ചെയ്തു.

പഞ്ചാബ് (പാക്കിസ്താന്‍) പോലീസ് ഒരു വീഡിയോ പങ്കുവെക്കുകയും എഴുതുകയും ചെയ്തു, “ഗുൽബർഗ് ലാഹോറിലെ ധീര എസ്ഡിപിഒ എഎസ്പി സൈദ ഷെഹർബാനോ നഖ്വി ഒരു സ്ത്രീയെ അക്രമാസക്തമായ ജനക്കൂട്ടത്തിൽ നിന്ന് രക്ഷിക്കാൻ അവരുടെ ജീവൻ പോലും തൃണവത്ക്കരിച്ചു. ഈ വീരകൃത്യത്തിന്, പഞ്ചാബ് പോലീസ് അവരുടെ പേര് പാക്കിസ്താനിലെ നിയമപാലകർക്കുള്ള പരമോന്നത ധീരതയ്ക്കുള്ള ബഹുമതിയായ ക്വയ്ദ്-ഇ-അസം പോലീസ് മെഡലിന് (ക്യുപിഎം) ശുപാർശ ചെയ്തിട്ടുണ്ട്.”

ഓൺലൈനിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഖുർആനെ അപമാനിക്കാൻ ഉദ്ദേശിച്ചല്ല, അതിൻ്റെ ഭംഗി കണ്ടാണ് കുർത്ത വാങ്ങിയതെന്ന് സമ്മതിച്ച് യുവതിയും ക്ഷമാപണം നടത്തി.

മാർച്ച് 1 വെള്ളിയാഴ്ച, പാക്കിസ്താനിലെ സൗദി അംബാസഡർ നവാഫ് ബിൻ സയീദ് അൽ മാലിക്കി ഇസ്ലാമാബാദിലെ സൗദി എംബസിയിൽ ഷെഹർബാനു നഖ്വിയുമായി കൂടിക്കാഴ്ച നടത്തി.

അവരുടെ കൂടിക്കാഴ്ചയിൽ, നഖ്‌വിയുടെ ധൈര്യത്തെ അഭിനന്ദിച്ച നവാഫ് അൽ മാൽക്കി, രാജകീയ അതിഥിയായി കുടുംബത്തോടൊപ്പം സൗദിയിലേക്കുള്ള അവരുടെ യാത്രയുടെ ചിലവ് സൗദി സർക്കാർ വഹിക്കുമെന്ന് പറഞ്ഞു.

Leave a Comment

More News