ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതിയുടെ ഭർത്താവ് ഹൈദരാബാദില്‍ പിടിയിലായി

ഹൈദരാബാദ്: അടുത്തിടെ ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഹൈദരാബാദ് യുവതിയുടെ ഭർത്താവ് നഗരത്തിൽ പിടിയിലായതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം നടന്നത് ഓസ്ട്രേലിയയിലായതിനാല്‍ ഇയാളെ ആ രാജ്യത്തേക്ക് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മരിച്ച ചൈതന്യ ശ്വേത മദഗനിയുടെ മൃതദേഹം വിക്ടോറിയയിലെ ബക്‌ലി പട്ടണത്തിനടുത്തുള്ള മൗണ്ട് പൊള്ളോക്ക് റോഡിലെ ചവറ്റുകുട്ടയിലാണ് കണ്ടെത്തിയത്.

എഎസ് റാവു നഗർ സ്വദേശികളാണ് യുവതിയും ഭർത്താവും. ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ച ശേഷം അവർ പോയിൻ്റ് ക്രീക്കിലാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് ഒരു മകനുമുണ്ട്.

യുവതിയുടെ കൊലപാതക വിവരവും മൃതദേഹം ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ വിവരവും ഹൈദരാബാദ് പോലീസ് അറിയുന്നതിന് മുമ്പ്, അവരുടെ ഭർത്താവും മകനും ഇന്ത്യയിലേക്ക് പറന്നിരുന്നു.

തൻ്റെ ഭാര്യയുമായി വഴക്കുണ്ടായെന്നും അതിനിടയിൽ ഭാര്യയെ കൊലപ്പെടുത്തിയെന്നും അയാൾ മാതാപിതാക്കളോട് പറഞ്ഞതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

പോലീസില്‍ കീഴടങ്ങാനുള്ള തീരുമാനം അയാള്‍ വെളിപ്പെടുത്തിയതായും മകൻ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഹൈദരാബാദിലേക്ക് വന്നതെന്നും അയാള്‍ പറഞ്ഞു.

അതേസമയം, ഹൈദരാബാദ് യുവതിയെ ഓസ്‌ട്രേലിയയിൽ കൊലപ്പെടുത്തിയത് ആരാണെന്ന് ഓസ്‌ട്രേലിയൻ അധികൃതരോ ഇന്ത്യൻ അധികൃതരോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Leave a Comment

More News