യിസ്മായേലിന്‍റെ സങ്കീര്‍ത്തനം (ചെറുകഥ): സാംസി കൊടുമണ്‍

“അബു അമ്മാര്‍… അബു അമ്മാര്‍… നീ എവിടെ…”

ഷെല്ലുകളുടേയും ബോംബുകളുടേയും നടുവില്‍ ഇതാ എന്‍റെ ജനത എന്നെ വിളിച്ചു കേഴുന്നു! അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുന്നു!

തകര്‍ന്ന അവരുടെ കൈവേലകള്‍ക്കിടയില്‍ ഇടം വലം തിരിയാന്‍ അവര്‍ക്കു കഴിയുന്നില്ല.

അബ്രഹാം പിതാവേഇതു നീ കാണുന്നില്ലെ …

നിന്‍റെ ആദ്യജാതന്‍ യിസ്മായേലിന്‍റെ നിലവിളി നീ കേള്‍ക്കുന്നില്ലെ?

എന്‍റെ ജനതയെ നയിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്തവനെ, നിന്‍റെ തന്നെ സന്തതിപരമ്പരകള്‍ തകര്‍ന്ന കൂടാരത്തിന്‍റെ ഒറ്റ മുറിയില്‍ തടവുകാരനാക്കിയിരിക്കുന്നു.

ഞാന്‍ നിനക്ക് ദേശങ്ങളെ അവകാശം ആക്കിത്തരും എന്ന് എനിക്കും എന്‍റെ അമ്മയായ നിന്‍റെ ദാസി ഹാഗാറിനും വാക്കു തന്നിരുന്നില്ലെ…?

അതോ നീയും, നിന്‍റെ ഭാര്യ സാറയെപ്പോലെ ഞങ്ങളെ ചതിക്കുകയായിരുന്നുവോ…?

സാറയുടെ ഗര്‍ഭം ദൈവത്താല്‍ അടയ്ക്കപ്പെട്ടപ്പോള്‍ നീ അവളുടെ ദാസി ഹാഗാറിനെ എന്തിനു മോഹിച്ചു.?

കൂടാരങ്ങളുടെ തെക്കു വശത്തുള്ള ഞാറ മരച്ചുവട്ടിലേക്ക്എന്തിനവളെ നീ കൂട്ടിക്കൊണ്ടുപോയി.?

അബ്രഹാം പിതാവേ നീ തന്നെ തെറ്റുകാരന്‍.

പക്ഷേ ഹാഗാര്‍, നിന്‍റെ ഭാര്യയുടെ ദാസി നിന്നോടു പറഞ്ഞു; “യജമാനനെ, ഞാനോ ദാസി… എന്‍റെ യജമാനത്തി, നിന്‍റെ ഭാര്യ… അവള്‍ക്ക് ഞാന്‍ വിശ്വസ്ത! അവളുടെ പിതാവ് എന്നെ അവള്‍ക്കുകാവലായിഅയച്ചു. ഞാനോ ഇന്നുവരേയും അതിനു വിപരീതമായി നടന്നതും ഇല്ല. ഇനി എന്‍റെ യജമാനത്തി അനുവദിക്കുംവരേയ്ക്കും നീ എന്നില്‍ ദോഷമായതൊന്നും നിരൂപിക്കരുത്”

അപ്പോള്‍ നീ ഹാഗാറിനോടു പറഞ്ഞത്: “ഹാഗാറെ ഞാന്‍ നിന്നെ പേരെടുത്തു വിളിക്കുന്നു. നീ ദാസിയേക്കാള്‍വലിയവള്‍. എന്നാല്‍ യജമാനത്തിക്ക് താഴെത്തന്നെ. സാറ നിന്‍റെ യജമാനത്തി തന്നെ എന്നറിയുക. അവളെ ഉപേക്ഷിപ്പാന്‍ നിവര്‍ത്തിയില്ല. അവള്‍ എന്‍റെ വലതു ഭാഗത്ത് യഹോവയാല്‍ ചേര്‍ക്കപ്പെട്ടവള്‍: എന്നും എല്ലാത്തിന്‍റേയും യജമാനത്തി അവള്‍ത്തന്നെ. എന്‍റേയും, നിന്‍റേയും യജമാനത്തി അനുവദിക്കും വരേയും ഞാന്‍ നിനക്കായി കാത്തിരിക്കും. എന്‍റെ സന്തതി പരമ്പരകളെ ഞാന്‍ നിന്നില്‍നിന്ന് പുറപ്പെടുവിക്കും. ഇത് യഹോവയുടെ നിശ്ചയമാകുന്നുവല്ലോ..”

“സകല പുരുഷന്മാരിലും ബലമുള്ളവനെ, നിന്‍റെ പ്രേമത്തിനായി ഞാന്‍ ദാഹിക്കുന്നു. ഈ ഞാറ മരത്തിനാണെ സത്യം, ഞാന്‍ ഇന്നു മുതല്‍ എന്നേക്കും നിനക്കായി കാത്തിരിക്കും.”

ഉപായങ്ങളുടെ ഉറവിടമായ സാറയോ… നിന്‍റെ അന്തരംഗങ്ങളെ അറിയുന്നവള്‍. അവള്‍ തന്‍റെ ദാസിയെ നിനക്കു തന്നു. അവള്‍ നിന്നോടു പറഞ്ഞു:

“സര്‍വ്വ കന്നുകാലികളുടേയും, സര്‍വ്വ അടിമകളുടേയും ഉടയവനും, എനിക്ക് യഹോവ ചേര്‍ത്തു തന്നവനുമായ സര്‍വ്വ പുരുഷന്മാരിലും തേജസ്സുള്ളവനുമായ എന്‍റെ യജമാനനേ, ഞാനോ ദൈവകോപത്താല്‍ ഗര്‍ഭം അടയ്ക്കപ്പെട്ടവളാകുന്നു. എന്നാല്‍ എന്‍റെ ദാസി ഹാഗാറിനെ നീ പരിഗ്രഹിച്ച് അവളില്‍ നീ എനിക്ക് സന്തതിയെ തരുവാന്‍ കൃപയുള്ളവനാകേണം…” അപ്പോള്‍ നീയോ അബ്രഹാമേ ഹൃദയത്തില്‍ സന്തോഷിച്ച് യഹോവയെ സ്തുതിച്ചു.

സാറാ തന്‍റെ ദാസിയോടു പറഞ്ഞതോ: “ഹാഗാറെ നീ എന്‍റെ ദാസികളില്‍ അതിസുന്ദരിയും എനിക്കു പ്രീയപ്പെട്ടവളും ആകുന്നു. നീ എന്‍റെ യജമാനന്‍റെ അടുത്തുപോയി എനിക്കുവേണ്ടി അവനു സന്തതികളെ നല്‍കേണം. നിനക്ക് ജനിക്കുന്ന സന്തതികളൊക്കേയും എനിക്ക് അവകാശപ്പെട്ടതുമായിരിക്കേണം.”

ഹാഗാര്‍ ഉള്ളത്തില്‍ സന്തോഷിച്ചു. എന്നാല്‍ തന്‍റെ ദാസി ഗര്‍ഭം ധരിച്ചപ്പോള്‍ സാറായിയുടെ ഹൃദയം അസൂയയാല്‍ നീറി അവള്‍ നിരൂപിച്ചു. എന്‍റെ ദാസിക്കു മുന്നിലും, എന്‍റെ യജമാനന്‍റെ മുന്നിലും, സര്‍വ്വജനത്തിനു മുന്നിലും ഞാന്‍ അപമാനിതയായിരിക്കുന്നു. കഠിന ഹൃദയത്തോടെ അവള്‍ ദാസിയോടു പറഞ്ഞു:

“എന്‍റെ കൈകളെ വിശുദ്ധീകരിക്കാന്‍ നീ ഇവിടം വിട്ട്ഓടിപ്പോകുക. വഴിയില്‍ നീ മരിക്കാതിരിക്കേണ്ടതിന് ഒരു ശേര്‍മാവും, ഒരു മണ്‍പാത്രം വെള്ളവും നീ കരുതിക്കോണം. ഒരു ദിവസത്തെ വഴിക്കു ശേഷം നിന്‍റെ മേല്‍ എനിക്ക്ഒരവകാശവും ഉണ്ടായിരിക്കില്ല. എന്നാല്‍, എന്‍റെ ദൂതര്‍ നിന്നെ ഒരു ദിവസത്തെ വഴിക്കിപ്പുറം പിടിക്കാന്‍ ഇടവന്നാല്‍, നിന്‍റെ ഗര്‍ഭത്തിലെ ശിശുവിനെ അവര്‍ വാളാല്‍ കൊല്ലും.”

അവള്‍ ശിരോവസ്ത്രം നെടുകെ കീറി ഒരു പകുതി ദാസിക്കു കൊടുത്തു പറഞ്ഞു:

“ഇതു നമ്മള്‍ തമ്മിലുള്ള സാക്ഷിപത്രത്തിന്‍റെ ഉടമ്പടിയാകുന്നു.”

ഹാഗാര്‍ ഓടി. ഗര്‍ഭത്തില്‍ ഞാന്‍ നിലവിളിച്ചു. കുന്നുകളും മലകളും കയറി. മണ്‍പാത്രത്തിലെ വെള്ളം അവളുടെ ദാഹത്തെ ശമിപ്പിച്ചില്ല. മലഞ്ചെരുവിലെ അത്തിമരത്തിന്‍റെ ചുവട്ടില്‍ തളര്‍ന്നു കിടന്നവളെ, നീതിമാനായ അബ്രാമേ, നീ രഹസ്യത്തില്‍ അയച്ച നിന്‍റെ ദാസന്മാര്‍ കണ്ടെത്തി. ഹാഗാറിനെ കണ്ടെത്തിയ സ്ഥലത്ത് നീ ഒരു കിണര്‍ കുഴിപ്പിച്ച്, യഹോവക്കൊരു യാഗപീഠവും പണികഴിപ്പിച്ച് യാഗം നടത്തിയ ഹോവയെ പ്രസാദിപ്പിച്ച്, ഹാഗാറിനെ സാറയില്‍ നിന്നും ഒളിപ്പിച്ചു.

നീ ഹാഗാറിനോടു പറഞ്ഞു: “നീ പ്രസവിക്കുന്ന മകന് യിസ്മായേല്‍ എന്നു പേരിടണം. അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യനായിരിക്കും. അവന്‍റെ കൈകള്‍ എല്ലാവര്‍ക്കും വിരോധമായും ഇരിക്കും. അവന്‍ തന്‍റെ സഹോദര്‍ങ്ങള്‍ക്കെതിരെ പാര്‍ക്കും. അവന്‍ വര്‍ദ്ധിച്ച് വലിയോരു ജനതയാകും. ഞാനവനു ഗോത്രങ്ങളെ അവകാശമായി കൊടുക്കും.”

എന്‍റെ പരിച്ഛേദനാ കാലം കഴിഞ്ഞ് നീ എന്നെ നിന്നോടൊപ്പം കൂട്ടിയെങ്കിലും സാറാ നിന്നോടു കലഹിച്ചു പറഞ്ഞു:

“ദൈവ കോപത്താല്‍ എന്‍റെ ഗര്‍ഭം അടഞ്ഞിരിക്കുന്നു. എന്നാല്‍ നിന്‍റെ ദൈവം നിന്‍റെ അപേക്ഷകളെ കേള്‍ക്കുന്നവനെന്ന് ഞാന്‍ നിശ്ചയമായും അറിഞ്ഞിരിക്കുന്നു. അതിനാല്‍ എന്‍റെ ഗര്‍ഭം തുറക്കുവാന്‍ നീ യഹോവയോട്അപേക്ഷിക്കാത്തതെന്തേ…?
നീ അത്യധികം കോപപ്പെട്ട്അവളോടു പറഞ്ഞതോ: “സാറാ, ഞാന്‍ ദൈവത്തേക്കാള്‍ വലിയവനോ? അവന്‍ മനസ്സുള്ളപ്പോള്‍ നിന്‍റെ ഗര്‍ഭത്തെ തുറക്കട്ടെ. ഞാനോ വിനീതനായ ദാസന്‍… അവന്‍റെ ഇഷ്ടം എന്നില്‍ നിറവേറട്ടെ.”

അബ്രാം പിതാവേ നീ വലിയവന്‍, നിന്‍റെ സ്നേഹത്തില്‍ ഞാന്‍ വലുതായവന്‍. എന്നാല്‍ ദൈവം സാറായുടെ ഗര്‍ഭത്തെ തുറക്കുകയും, അവള്‍ക്ക് യിസ്ഹാക്ക് ജനിക്കുകയും ചെയ്തപ്പോള്‍, നിന്‍റെ ആദ്യജാതന്‍ വിസ്മരിക്കപ്പെട്ടുവോ? യഹോവ നിന്നെ ബഹുജാതികള്‍ക്ക് പിതാവാക്കി. നിന്‍റെ നാമം അബ്രഹാം എന്നും നിന്‍റെ ഭാര്യയെ സാറാ എന്നും വിളിച്ചു. അപ്പോഴും നിന്‍റെ ദാസി ഹാഗാര്‍ നിന്നോടു ചോദിച്ചത്: ‘നിന്‍റെ ആദ്യജാതനെ തള്ളിക്കളയരുതേ’ എന്നായിരുന്നു. നീ യിസ്ഹാക്കിനും, യിസ്മായേലിനും നടുവില്‍ നിയമങ്ങള്‍ വെച്ചു. നീ അവര്‍ക്ക്അതിരുകള്‍ വെച്ചു. നിന്‍റെ ദയവലുത്.

നീ യിസ്ഹാക്കിനു തേനും, പാലും ഒഴുകുന്ന ദേശമൊക്കേയും അവകാശമയി കൊടുത്തു. അപ്പോഴും നീ എനിക്ക് സ്വന്തമായി ദേശങ്ങളെ തരുവാന്‍ മറന്നില്ല. എന്നാലോ, അവര്‍ നിന്‍റെ നിയമങ്ങളെ മറന്നിരിയ്ക്കുന്നു. അവര്‍ എന്‍റെ കൈവേലയുടെ ഫലമായ മുന്തിരിത്തോട്ടങ്ങളില്‍ അതിക്രമിച്ച് കടന്ന്എന്‍റെ അതിരുകളെ ചുരുക്കി, എന്‍റെ പട്ടണങ്ങളെ വളഞ്ഞ് അതിനെ സ്വന്തമാക്കിയിരിക്കുന്നു. ഞാനോ നിന്നോടു ചെയ്ത നിയമങ്ങളെ ലംഘിച്ചതുമില്ല. അബ്രഹാമേ ഞാന്‍ നിന്‍റെ കടിപ്രദേശത്തുനിന്നും പുറപ്പെട്ട ആദ്യജാതനല്ലേ… എന്നേയും എന്‍റെ ജനതയേയും എന്തേ അവര്‍ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നു.

ഇവന്‍ അബു അമ്മാര്‍! എന്‍റെ ജനത്തിന്‍റെ നായകന്‍. എന്നില്‍ നിന്നും ജനിച്ച എന്‍റെ സന്തതി പരമ്പരതന്നെ. അവനോടെന്തേ നീ നീതി പ്രവര്‍ത്തിക്കാത്തത്. നിന്‍റെ ദൈവം നീതിമാനല്ലാണ്ടായോ?

സാറയുടെ ഹൃദയ കാഠിന്യത്താല്‍ ഓടാന്‍ വിധിക്കപ്പെട്ട നിന്‍റെ ദാസി ഹാഗാറിന്‍റെ മകന്‍ നിന്നോടു ചോദിക്കുന്നു… എന്‍റെ സന്തതി പരമ്പരകള്‍ക്ക് നീ അവകാശമായി തന്ന ദേശത്തിനായി അവര്‍ ഇനി എത്രനാള്‍ കരയണം? എന്‍റെ ജനത അബു അമ്മാറിനു മുന്നില്‍ കേഴുന്നു. ഇതാ അബു അമ്മാറിന്‍റെ കയ്യില്‍ ഒലിവു കൊമ്പും, യന്ത്രത്തോക്കും ഇരിക്കുന്നു. നീ യിസ്ഹാക്കിന്‍റെ പരമ്പരയോടു ചോദിക്കുക അവര്‍ക്കിതില്‍ ഏതാണു സ്വീകാര്യമെന്ന്.

അതാ അവര്‍ ഞങ്ങള്‍ക്കു നേരെ തോക്കുകള്‍ ഉന്നം പിടിച്ചിരിക്കുന്നു. അബു അമ്മാര്‍ അവര്‍ നിന്‍റെ രക്തത്തിനായി പതിയിരിക്കുന്നു. നീ സമാധാനത്തിന്‍റെ ഒലിവിന്‍ കൊമ്പുകളെ ഒരിയ്ക്കലും ഉപേക്ഷിക്കരുത്.

(അബു അമ്മാര്‍ – യാസഫര്‍ അരാഫത്ത്. 2007 ല്‍ പ്രസിദ്ധികരിച്ച ‘രാത്രിവണ്ടിയുടെ കാവല്‍ക്കാരന്‍ എന്ന പുസ്തകത്തിലെ ഈ കഥ, ഇപ്പോള്‍ എഴുതിയ ‘അയല്‍ക്കാരന്‍’ എന്ന കഥയോട് കൂട്ടി വായിക്കാന്‍ വേണ്ടി പുനഃപ്രസിദ്ധീകരിക്കുന്നു.)

 

Leave a Comment

More News