കര്‍ണ്ണാടക സെക്‌സ് വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയെ ബംഗളൂരുവിലെ എസ്ഐടി ഓഫീസിലെത്തിച്ചു

ബംഗളൂരു: സെക്‌സ് വീഡിയോ വിവാദത്തിൽ മുഖ്യപ്രതിയും ഒളിവിൽ കഴിഞ്ഞിരുന്ന ജെഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽ അറസ്‌റ്റ് ചെയ്‌ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഓഫീസിലെത്തിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ജർമ്മനിയിലെ മ്യൂണിക്കിൽ നിന്ന് എത്തിയ ഉടൻ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുപ്പത്തിമൂന്നുകാരനായ പ്രജ്വല്‍ രേവണ്ണയെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുത്ത് കേസ് അന്വേഷിക്കുന്ന എസ്ഐടിക്ക് കൈമാറി.

മ്യൂണിക്കിൽ നിന്ന് എത്തിയ ലുഫ്താൻസ വിമാനം സിഐഎസ്എഫും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും വളഞ്ഞ് പ്രജ്വല്‍ രേവണ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ, കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിന് ശേഷം ഏപ്രിൽ 26 ന് രാജ്യം വിട്ടിരുന്നു. ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും അധികൃതർ പുറപ്പെടുവിച്ചിരുന്നു.

മ്യൂണിക്കിൽ നിന്ന് ലുഫ്താൻസ ഫ്ലൈറ്റിൽ എൽഎച്ച് 764-ൽ ബിസിനസ് ക്ലാസ് ടിക്കറ്റിലാണ് ഇയാള്‍ ഇവിടെയെത്തിയത്.

വെള്ളിയാഴ്ച പ്രജ്വലിനെ വൈദ്യപരിശോധനയ്ക്കായി ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അധികൃതർ ഇയാളെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കും.

ജെഡി-എസ് പ്രവർത്തകരോ അഭിഭാഷകരോ വിമാനത്താവളത്തിലും സിഐഡി പരിസരത്തും എത്തിയില്ല.

Leave a Comment

More News