ഷീബ എബ്രഹാം ആടുപാറയിലിന്റെ നഴ്‌സിംഗ് സേവനത്തില്‍ നിന്ന് വിരമിക്കുന്ന പാര്‍ട്ടി അവിസ്മരണീയമായി

ഡാളസ്: മുംബൈയിലെ ലോകമാന്യ തിലക് മുന്‍സിപ്പല്‍ ആശുപത്രിയില്‍ (LTMG, Sion, Mumbai) നിന്ന് ആരംഭിച്ച നഴ്സിംഗ് പ്രയാണം അമേരിക്കയിലെ ഡാളസില്‍ വിരാമമിട്ടു. കുടുബത്തില്‍ പന്ത്രണ്ട് മക്കളില്‍ എറ്റവും മൂത്ത കുട്ടിയായ ഷീബയെ 1976 ല്‍ നഴ്‌സിംഗ് പഠനത്തിനായി ബോംബെയിലേക്ക് ട്രെയിന്‍ കയറ്റി വിടാന്‍ കൂടെ വന്നത് പിതാവായ എബ്രഹാം പട്ടുമാക്കില്‍ ആയിരുന്നു.

ആദ്യത്തെ കണ്‍മണിയെ ബോംബയിലേക്ക് യാത്രയാക്കിയ നിമിഷം പിതാവിന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണുനീര്‍ ഇന്നും ഷീബയുടെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജീവിതത്തില്‍ മറ്റൊരു അവസരത്തിലും ചാച്ചന്റെ കണ്ണുകള്‍ നിറയുന്നത് ഷീബ കണ്ടിട്ടില്ല. റിട്ടയര്‍മെന്റ് പ്രസംഗത്തില്‍ ഷീബ ജോലിയില്‍ നിന്നു പിരിയുവാനുള്ള ഒരു കാരണം കേരളത്തില്‍ വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ചാച്ചനെ ശുശ്രുഷിക്കുവാന്‍ സാധിക്കുമല്ലോ എന്ന സന്തോഷമായിരുന്നു. മുംബൈയില്‍ നിന്നും ബഹ്റൈന്‍, ന്യൂജേഴ്‌സി, ഫ്‌ളോറിഡ, എന്നീ സ്ഥലങ്ങളില്‍ ജോലി ചെയ്തതിനു ശേഷം 2005 മുതല്‍ ടെക്‌സാസിലെ ‘മെഡിക്കല്‍ സിറ്റി പ്ലേനോ’ ഹോസ്പ്പിറ്റലിലെ ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷീബ.

വിരമിക്കല്‍ നോട്ടീസ് മനേജ്‌മെന്റിന് കിട്ടിയത് ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു. സഹപ്രവര്‍ത്തകരുടെ ഇടയില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ഷീബ ഒരു വേറിട്ട വ്യക്തിത്വവും അതുപോലെ തന്നെ ഏതു രാജ്യക്കാര്‍ക്കും പെട്ടെന്ന് അടുക്കുവാന്‍ പറ്റിയ ഒരു പെരുമാറ്റത്തിന്റെ ഉടമയും കൂടിയായിരുന്നു. പ്രൊഫഷണല്‍ ജോലിയുടെ മൂല്യം കാത്തു സൂക്ഷിച്ചുകൊണ്ട് സഹപ്രവര്‍ത്തകരോട് നര്‍മ്മരൂപേണ ഇടപെടുവാനുള്ള ഷീബായുടെ കഴിവ് എടുത്തു പറയത്തക്കത് തന്നെയാണ്.

ജോലിയുടെ അവസാന ദിവസമായ ജൂലൈ 11 -ാം തീയതി ഷീബയുടെ പേരക്കുട്ടികളും അവരുടെ അമ്മയും സര്‍പ്രൈസായി 48 വര്‍ഷത്തെ സ്ത്യുത്യര്‍ഹമായ സേവനത്തിന്റെ ഓര്‍മ്മക്കായി 48 റോസാപൂക്കള്‍ അടങ്ങിയ പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. അപ്രതീക്ഷിതമായി കിട്ടിയ ആ സ്നേേഹോപകാരം ഒരു വൈകാരിക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.

ജൂലൈ 12-ാം തീയതി ഷീബയുടെ ജോലിസ്ഥലത്ത് വച്ച് സീനീയര്‍ നഴ്സിംഗ് ലീഡേഴ്‌സ്, ഡയറക്ടര്‍, മാനേജര്‍, സഹപ്രവര്‍ത്തകര്‍ എല്ലാംവരും ഒന്നിച്ച് ചേര്‍ന്ന് ഷീബയെ അനുമോദിക്കുകയും ഷീബയുടെ അടുത്ത അദ്ധ്യായത്തിന് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ജീവിതം ഇപ്പോള്‍ ആരംഭിക്കുന്നു ഓരോ മിനിറ്റും ആസ്വദിക്കു എന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ഉജ്വലമായ യാത്രയയപ്പ് നല്‍കി ആദരിച്ചു.

മനോഹരമായ ഒരു യാത്രയയപ്പ് ഒരുക്കിയവര്‍ക്കും കൂടെ ജോലി ചെയ്യുന്ന സമയത്ത് തന്നോടു കാണിച്ച സ്നേഹത്തിനും ഉപകാരത്തിനും ഷീബ ക്യതജ്ഞത അര്‍പ്പിച്ചു.

Leave a Comment

More News