താന്‍ ‘മനുഷ്യ ബോംബ്’ ആണെന്ന് ഭീഷണി മുഴക്കി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റു ചെയ്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ താന്‍ മനുഷ്യ ബോംബാണെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന്
വിസ്താര വിമാനം അരമണിക്കൂറിലേറെ വൈകി. സിഐഎസ്എഫിനെ പരിശോധനയില്‍ യാത്രക്കാരനില്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് വിമാനത്തിലേക്ക് കടക്കാൻ ഒരുങ്ങവെ താന്‍ മനുഷ്യ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയത്. വ്യാജഭീഷണി ഉയര്‍ത്തിയ ഇയാളെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ അധികൃതർ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

തുടര്‍ച്ചായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ പരിശോധന നടത്തിയാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പരിശോധനയ്ക്കിടെ തന്നെ ചെക്ക് ചെയ്യരുതെന്നും, താന്‍ മനുഷ്യ ബോംബ് ആണെന്നും വിജയ് മന്ദാന പറഞ്ഞു. തുടര്‍ന്ന് ഇയാളെ മറ്റൊരിടത്തേക്ക് മാറ്റി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥരന്‍ നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു.

അതേസമയം, വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കഴിഞ്ഞ ദിവസവും ഇവിടെ രണ്ട് വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു.എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എക്സിലൂടെയായിരുന്നു ഭീഷണി എത്തിയത്.

സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇന്നലെ മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

Leave a Comment

More News