ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍

കല്‍പ്പറ്റ: ചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക്. മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കും.

പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. വോട്ടെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകീട്ടോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും.

വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നിപ്പോരാട്ടമാണ്. സിപിഐയിലെ സത്യന്‍ മൊകേരിയും, ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍. ചേലക്കരയില്‍ സിപിഎമ്മിലെ യു ആര്‍ പ്രദീപ്, കോണ്‍ഗ്രസിലെ രമ്യ ബരിദാസ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.

പാന്‍ ഇന്ത്യന്‍ പോരാട്ടമാണ് വയനാട്ടില്‍ നടക്കുന്നത്. 14 ലക്ഷം വോട്ടർമാർ 7 മണി മുതൽ സമ്മതിദാന അവകാശം രേഖപ്പെടുത്തും. നിശബ്ദ പ്രചരണ ദിവസമായ ഇന്നും പരമാവധി വോട്ടർമാരെ തേടിയുള്ള ഓട്ടത്തിലാണ് മുന്നണികൾ. പതിനാറ് സ്ഥാനാർഥികൾ, അതിൽ പതിനൊന്ന് പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. ഒരു സ്വതന്ത്ര സ്ഥാനാർഥിയൊഴിച്ചാൽ എല്ലാവരും ജില്ലയ്ക്ക് പുറത്തുള്ളവരുമാണ്.

Leave a Comment

More News