പി.വി.അൻവർ എംഎൽഎയ്ക്കെതിരെ പി വി ശശി ക്രിമിനൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

കണ്ണൂർ: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ക്രിമിനല്‍ മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അന്‍വര്‍ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.

പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളെന്ന് പി ശശി ആരോപിച്ചു. സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഇവര്‍ അസ്വസ്ഥരെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള അക്രമം എന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ നേട്ടമുണ്ടാകാത്ത ഒരു കുടുംബവും കേരളത്തില്‍ ഇല്ലെന്നും പി ശശി പറഞ്ഞു.

സര്‍ക്കാരിനുള്ള പിന്തുണ കൂടുന്നു. ജനങ്ങളുടെ ശ്രദ്ധ ഇതില്‍ നിന്ന് തിരിച്ചു വിടണം. ഇത് ചര്‍ച്ച ചെയ്താല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായല്ലാതെ ആരും വോട്ട് ചെയ്യില്ല. ആ ശ്രദ്ധ തിരിച്ചുവിടാനായാണ് മറ്റു പലരുടെയും കയ്യില്‍ കളിക്കുന്ന കരുക്കളായി നില്‍ക്കുന്ന ഇതുപോലുള്ള ആളുകള്‍ ഈ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും പി ശശി പറഞ്ഞു.

Leave a Comment

More News