പാലക്കാട് 70.22 ശതമാനം പോളിംഗ്; സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ 70.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചു വരികയാണ്. സാങ്കേതിക പ്രശ്‌നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്.

മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.

പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്.

മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്.

Leave a Comment

More News