ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യത്തില്‍ പുരോഗതി; അടുത്തയാഴ്ച ആശുപത്രി വിട്ടേക്കും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് വാർത്ത പങ്കുവെച്ചത്. നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ അറിയിച്ചു.

വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോ​ഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

അതേസമയം ആശുപത്രിയിൽ തന്നെ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനം. ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഗവർണർ ഉമാ തോമസ് എംഎൽഎയെ കണ്ടത്. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Comment

More News