ഡീക്കന്‍ ജെസ്റ്റിന്‍ കൈമലയില്‍ പൗരോഹിത്യ ശുശ്രൂഷയിലേക്ക്: ഫിലാഡല്‍ഫിയ ഇടവകയ്ക്ക് അഭിമാനം

ഫിലഡല്‍ഫിയ: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്‍റെ അനുഗ്രഹദര്‍ശനങ്ങളാല്‍ ധന്യമായ സി. എം. ഐ. മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രോവിന്‍സിനുവേണ്ടി ഡീക്കന്‍ ജെസ്റ്റിന്‍ കൈമലയില്‍ വാഴക്കുളം കര്‍മ്മല ആശ്രമദേവാലയത്തില്‍ വച്ച് മെല്‍ബോണ്‍ സീറോമലബാര്‍ രൂപതാബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ പിതാവില്‍നിന്നും ചാവറ പിതാവിന്‍റെ തിരുനാള്‍ തലേദിവസമായ 2025 ജനുവരി രണ്ടാം തിയതി പൗരോഹിത്യം സ്വീകരിച്ചപ്പോള്‍ അഭിമാനപൂരിതമായി മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രോവിന്‍സിനൊപ്പം ഫാ. ജസ്റ്റിന്‍റെ മാതൃഇടവകകളായ വാഴക്കുളം സെ. ജോര്‍ജ്, ഫിലാഡല്‍ഫിയാ സെ. തോമസ് എന്നീ സീറോ മലബാര്‍ ഫൊറോനാ ദേവാലയങ്ങളും, വാഴക്കുളം കൈമലയില്‍, മഞ്ഞപ്ര കൊള്ളാട്ടുകുടി കുടുംബങ്ങളും. കാല്‍ നൂറ്റാണ്ടിനുശേഷം മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രോവിന്‍സില്‍ നടക്കുന്ന ആദ്യ പുത്തന്‍ കുര്‍ബാനയും, സി. എം. ഐ. സഭ 2024 ലേക്ക് ക്രമീകരിച്ചിരുന്ന പുത്തന്‍ കുര്‍ബാനകളില്‍ അവസാനത്തേതുമാണു ഡീക്കന്‍ ജെസ്റ്റിന്‍റേത്.

വാഴക്കുളം കൈമലയില്‍ ജോസഫ് തൊമ്മന്‍, മഞ്ഞപ്ര കൊള്ളാട്ടുകുടി ഷില്ലി ജോസഫ് ദമ്പതികളുടെ രണ്ടാമത്തെ മകനായി 1991 മെയ് 29 നു ജനിച്ച ജസ്റ്റിന്‍ ആനിക്കാട് സെ. ആന്‍റണീസ്, സെ. സെബാസ്റ്റ്യന്‍ സ്കൂളുകളില്‍നിന്നായി പ്രാഥമിക വിദ്യാഭ്യാസവും, ഫിലാഡല്‍ഫിയ നോര്‍ത്തീസ്റ്റിലുള്ള സമുവേല്‍ ഫെല്‍സ് ഹൈസ്കൂളില്‍നിന്നും ഹയര്‍ സെക്കന്‍ഡറി പഠനവും പൂര്‍ത്തിയാക്കി. സ്കൂള്‍ പഠനത്തോടൊപ്പം തന്നെ ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ പള്ളിയിലെ മതബോധനസ്കൂളില്‍നിന്നും വിശ്വാസപരിശീലനവും പൂര്‍ത്തിയാക്കി.

മാതാപിതാക്കള്‍, സഹോദരങ്ങളായ ജെയ്സണ്‍ ജോസഫ്, ജെസ്വിന്‍ ജോസഫ് എന്നിവര്‍ക്കൊപ്പം 2004 ല്‍ യു. എസില്‍ എത്തിയ ജെസ്റ്റിന്‍ കുടുംബത്തോടൊപ്പം താമസിച്ച് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഫിലാഡല്‍ഫിയ കമ്മ്യൂണിറ്റി കോളജില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കേ മാതാപിതാക്കളുടെയും, കൈമലയില്‍ കുടുംബത്തിലെ പുണ്യ സ്മരണാര്‍ഹനായ ജോസഫ് കൈമലയില്‍ സി. എം. ഐ. അച്ചന്‍റെയും, കൈമലയില്‍ കുടുംബത്തില്‍നിന്നുള്ള എം. എസ്. ജെ. സന്യാസസമൂഹത്തില്‍പെട്ട സിസ്റ്റര്‍ പ്രേഷിത, സിസ്റ്റര്‍ പോള്‍സി, അമ്മ ഷില്ലിയുടെ മാതൃസഹോദരി സിസ്റ്റര്‍ മേരി മാത്യൂസ് എഫ്. സി. സി.; എന്നിവരുടെയും, കുടുംബത്തിലെ മറ്റു സമര്‍പ്പിതരുടെയും ജീവിതമാതൃകകളും, പ്രോല്‍സാഹനങ്ങളും, നിരന്തരപ്രാര്‍ത്ഥനയും യുവാവായ ജെസ്റ്റിനുള്ളിലെ ദൈവവിളിയുടെ തിരിനാളം കത്തിജ്വലിക്കുന്നതിനിടയാക്കി.

2012 ല്‍ സി. എം. ഐ. സഭയുടെ കാര്‍മ്മല്‍ പ്രോവിന്‍സിലെ സെ. ജോസഫ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് ഫാ. ജോര്‍ജ് കൊച്ചുപറമ്പിലിന്‍റെയും, പിന്നീട് നേര്യമംഗലം കാര്‍മ്മല്‍ നവസന്യാസഭവനത്തിലെ ഫാ. മാര്‍ട്ടിന്‍ കൂട്ടപ്ലാക്കിലിന്‍റെയും ആത്മീയനേതൃത്വത്തില്‍ വൈദിക പഠനത്തിനും സന്യാസജീവിതത്തിനും തുടക്കം കുറിച്ചു. 2014 ഡിസംബര്‍ 8 നു സഭാവസ്ത്രം സ്വീകരിച്ച് ആദ്യവൃതവാഗ്ദാനം നടത്തിയ ഡീക്കന്‍ ജെസ്റ്റിന്‍ ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജില്‍ നിന്നു തത്വശാസ്ത്രപഠനവും, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നു ഡിഗ്രിയും കരസ്ഥമാക്കിയശേഷം 2022 മെയ് 28 നു നിത്യവൃതസമര്‍പ്പണം നടത്തി. ധര്‍മ്മാരാം കോളജിലെ ദൈവശാസ്ത്രപ ഠനത്തിനുശേഷം 2024 മാര്‍ച്ച് 21 നു മാര്‍ അലക്സ് താരാമംഗലം പിതാവില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു. കോതമംഗലം രൂപതയിലെ ഞാറക്കാട് സെ. ജോസഫ് ആശ്രമദേവാലയത്തില്‍ ആന്‍റണി ഓവേലിലച്ചനെ അജപാലനശുശ്രൂഷയില്‍ 6 മാസം സഹായിച്ചതിനുശേഷമാണു 2025 ജനുവരി രണ്ടാം തിയതി തിരുപട്ടം സ്വീകരിച്ചത്.

“ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്” (1 കോറി 15:10) എന്ന പൗലോസ് ശ്ലീഹായുടെ വചനം ആപ്തവാക്യമായി പുരോഹിതദൗത്യം ഏറ്റെടുക്കുന്ന നവവൈദികന്‍റെ സഹോദരങ്ങളായ ജെയ്സണ്‍ ജോസഫ് (അനിറ്റ), ജെസ്വിന്‍ ജോസഫ്, പിതൃസഹോദരങ്ങളായ കൈമലയില്‍ ജോണ്‍ തൊമ്മന്‍ (ട്രീസാ), കൈമലയില്‍ ജോര്‍ജ് തോമസ് (ഷാന്‍റി), ലൂസി (തൊട്ടിയില്‍ തങ്കച്ചന്‍ ജോര്‍ജ്) എന്നീ കുടുംബങ്ങള്‍ ഫിലാഡല്‍ഫിയ ഇടവകയിലെ സജീവാംഗങ്ങളാണു. ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലച്ചനൊപ്പം ഇടവകാസമൂഹം നവവൈദികനു അഭിനന്ദനങ്ങളും, പ്രാര്‍ത്ഥനാശംസകളും നേരുന്നു. ഫിലാഡല്‍ഫിയ ഇടവക യൂത്ത് ട്രസ്റ്റി ജെറി പെരിങ്ങാട്ടിനൊപ്പം നാല്പതോളം ഇടവകക്കാര്‍ തിരുപ്പട്ടശുശ്രൂഷകളിലും പ്രഥമ ദിവ്യബലിയര്‍പ്പണത്തിലും പങ്കെടുത്ത് നവവൈദികനു അനുമോദനങ്ങള്‍ നേര്‍ന്നു.

“ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്” എന്ന പൗലോസ് ശ്ലീഹായുടെ വചനം തന്‍റെ ആപ്തവാക്യമായി എല്ലായ്പ്പോഴും നെഞ്ചോടുചേര്‍ത്ത് ധ്യാനിച്ചുകൊണ്ടാണു നവവൈദികന്‍ കര്‍ത്താവിന്‍റെ ദിവ്യരഹസ്യങ്ങള്‍ നിരന്തരം പരികര്‍മ്മം ചെയ്യുന്നതിനും, ബൈബിള്‍ അപഗ്രഥിച്ച് ദൈവജനത്തിനു സുവിശേഷം പകര്‍ന്നു നല്‍കുന്നതിനും അധികാരപ്പെട്ട പുരോഹിത ദൗത്യം ഏറ്റെടുക്കുന്നത്.

Leave a Comment

More News