കുരുട്ടു കണ്ണിന് മഷിയെഴുതുന്ന എഴുത്തുകാര്‍: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

മാനവ സമൂഹത്തെ സ്വാതന്ത്ര്യ-സമത്വ-സഹോദര്യത്തിലേക്ക് നയിക്കുന്നവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. മലയാള സാഹിത്യത്തിന്‍റെ പുരോഗതിയില്‍ പ്രമുഖ സ്ഥാനമാണ് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദനുള്ളത്. അദ്ദേഹം തിരുവന്തപുരത്തു് നടന്ന കേരള നിയമസഭയുടെ സാഹിത്യ പുരസ്കാരം വാങ്ങി നന്ദി പ്രകടനം നടത്തിയത് “പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം. അധികാരത്തിന്‍റെ കൂടെ നില്‍ക്കരുതെന്നുള്ളത് തെറ്റായ ധാരണയാണ്. വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കും” എന്നായിരുന്നു. ഇതിന് പ്രശസ്ത കഥാകൃത്തു് ടി.പദ്മനാഭന്‍ പ്രതികരിച്ചത് ഇങ്ങനെ “എഴുത്തുകാരന്‍ സത്യധര്‍മ്മത്തിനൊപ്പം നില്‍ക്കുക. രണ്ടാഴ്ചയ്ക്ക് മുന്‍പ് കേരളത്തിലെ ഒരു നോവലിസ്റ്റ് വലിയ ഒരു അവാര്‍ഡും ഒരു ലക്ഷം രൂപയും സ്വീകരിച്ചു.” ഇതാണ് ഇന്ന് കേരള സാംസ്കാരിക ലോകം നേരിടുന്ന പ്രതിസന്ധി. സാഹിത്യ രംഗത്ത് നടക്കുന്ന അജ്ഞതയുടെ മുഖങ്ങള്‍ തെളിഞ്ഞു വരുന്നു. ഒരു പ്രതിഭയുടെ സഞ്ചാര പഥത്തില്‍ പ്രപഞ്ച സത്യങ്ങളെ അപഗ്രഥനാത്മകമായി നേരിടേണ്ടവരാണ് സാഹിത്യ പ്രതിഭകള്‍. എം. മുകുന്ദന്‍ നേരിടുന്ന ആശയപരമായ വിയോജിപ്പ് ഇതിനകം പലരും രേഖപ്പെടുത്തിക്കഴിഞ്ഞു. ഇങ്ങനെ വാസ്തവികമായ സാധര്‍മ്യങ്ങളില്‍ സര്‍ഗ്ഗ പ്രതിഭകളെ ആശയാധികാരങ്ങളുടെ മറവില്‍ സമുന്നതരാക്കിയാല്‍ ആ വ്യക്തിത്വം പടര്‍ന്നു പന്തലിക്കുന്നത് അവര്‍ താലോലിച്ചു വളര്‍ത്തിയ സംഘടനകളില്‍ മാത്രമാണ്. മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ ചെയ്യേണ്ടത് ഭാഷ സാഹിത്യത്തെ വരേണ്യ വര്‍ഗ്ഗാധിപത്യ അധികാര ചങ്ങലകളില്‍ നിന്ന് മുക്തരാക്കി തുല്യ നീതി നടപ്പാക്കണം. സാംസ്കാരിക രംഗത്ത് നടക്കുന്ന ഈ അധിനിവേശം ഇനിയും എത്ര നാള്‍ തുടരും?

മലയാള സാഹിത്യത്തില്‍ അനന്യസാധാരണ വ്യക്തിപ്രഭാവമുള്ള പ്രതിഭകള്‍ എഴുതിയ അടിച്ചമര്‍ത്ത പ്പെട്ടവരുടെ, അന്ധവിശ്വാസങ്ങളില്‍ കഴിയുന്നവരുടെയെല്ലാം ധാരാളം കഥകള്‍ നമ്മള്‍ വായിച്ചി ട്ടുണ്ട്. ദീര്‍ഘദര്‍ശികളായ പ്രതിഭകള്‍ കാണുന്നത് അധികാരമെന്ന വന്മരത്തണലില്‍ സാഹിത്യത്തിന്‍റെ നിലനില്‍പ്പും വികാസവും ഭാഷാസാഹിത്യത്തിന്‍റെ സീമകള്‍ ലംഘിച്ചുകൊണ്ട് എഴുത്തുകാരെ അടിമകളാക്കുന്നതാണ്. ഒരു എഴുത്തുകാരന്‍റെ വേരുകള്‍ തേടേണ്ടത് ആ സാഹിത്യ വന്‍മരത്തില്‍ പൂത്തുനില്‍ക്കുന്ന ഫലങ്ങള്‍ കണ്ടു വേണം അല്ലാതെ ആ മരത്തണലില്‍ ഫലങ്ങള്‍ ഭക്ഷിക്കാന്‍ വന്ന പക്ഷപാത രാജകീയാധികാരത്തോടെയാകരുത് രാഷ്ട്രത്തോടാകണം. സത്യത്തെ ഉപാസിച്ച ഭരണകൂട-മതഭ്രാന്തിനെതിരെ ശബ്ദിച്ച രക്തസാക്ഷികളായ ഗോവിന്ദ് പന്‍സാരെ, പ്രൊഫ.എം.എം.കല്‍ബുര്‍ഗി, ഡോ.നരേന്ദ്ര ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ് തുടങ്ങിയവരെ ഗൂഡതന്ത്ര അധികാര കേന്ദ്രങ്ങളിലൂടെ പുരസ്കാരങ്ങള്‍ നേടി മുക്തകണ്ഠമായ പ്രശംസ നേടിയവര്‍ മറക്കരുത്.

സാംസ്കാരിക രംഗത്തു് നടക്കുന്ന വ്യക്തമായ വിധിനിര്‍ണ്ണയങ്ങള്‍, വിവാദങ്ങള്‍ ടി. പദ്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രതിഭയുടെ പ്രാധാന്യം കാണുന്നത് അനീതി അസത്യത്തിനെതിരെ പ്രതികരിക്കുന്നതിലാണ്. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങളടക്കം എന്തെല്ലാം കൊടും ക്രൂരതകള്‍ നടക്കുന്നു. ഇന്നുവരെ രാഷ്ട്രീയ അക്കാദമി-ജ്ഞാനപീഠ പുരസ്കാരമടക്കം നേടിയിട്ടുള്ള എത്രയോ എഴുത്തുകാരുണ്ട്. മണ്മറഞ്ഞ എം.ടി.യുടെ ഒരു വാചകമൊഴിച്ചാല്‍ ആരെങ്കിലും പ്രതികരിച്ചു കണ്ടിട്ടുണ്ടോ? ഒരു എഴുത്തുകാരന്‍റെ ഔന്നത്യം എന്താണ്? ഹിമാലയ പര്‍വ്വത നിരകളുടെ, മരുഭൂമിയുടെ സമഗ്ര സൗന്ദര്യം അവതരിപ്പിക്കലാണോ?

ഏതൊരു പ്രതിഭക്കും സാമൂഹ്യ തിന്മകള്‍ പുതുമയുള്ള വിഷയങ്ങളാണ്. സമുഹത്തിന്‍റെ വികാസ പരിണാമങ്ങള്‍ വീക്ഷിക്കുന്ന എഴുത്തുകാരന്‍ അധികാരികളുടെ ഗര്‍വ്വ്, അഹങ്കാരം, അന്യായം മൗനികളായി കണ്ടുനില്‍ക്കുന്നരോ അവരുടെ അപ്പക്കഷണത്തിനായി കാത്തുനില്‍ക്കുന്നവരുമല്ല. പല എഴുത്തുകാര്‍ക്കും ഒരു പ്രതിഭയുടെ ശക്തിയും സവിശേഷതകളും മഹത്വവും ഇന്നുമറിയില്ല. കേരളത്തില്‍ കണ്ടുവരുന്നത് വ്യക്തി പൂജയും പ്രശംസയുമാണ്. നാട് വാഴുന്നോര്‍ക്ക് വളയണിഞ്ഞു നിന്നാല്‍, വാഴ്ത്തിപ്പറഞ്ഞാല്‍ പാട്ടും പട്ടും പുടവയും കിട്ടും. ഇങ്ങനെ രാഷ്ട്രീയ പുരസ്ക്കാര പദവികള്‍ ലഭിക്കുന്നവര്‍ക്ക് അവിടുത്തെ മാധ്യമങ്ങളും അമിത പ്രാധാന്യം നല്‍കുന്നു. വിത്തിനൊത്ത വിളപോലെ സോഷ്യല്‍ മീഡിയ അതേറ്റെടുത്തു് കാറ്റില്‍ പറത്തുന്നു. ആത്മസമര്‍പ്പണമുള്ള എഴുത്തുകാര്‍ എന്തുകൊണ്ടാണ് സമൂഹ ത്തില്‍ കാണുന്ന നീറുന്ന വിഷയങ്ങളെ രാഷ്ട്രീയ വിജ്ഞാനംകൊണ്ടെങ്കിലും നേരിടാത്തത്?

ഒരു എഴുത്തുകാരന്‍റെ വ്യക്തിത്വ മഹത്വമറിയാന്‍ ലോകം കണ്ട മഹാനായ റഷ്യയുടെ രാഷ്ട്ര പിതാവ് ലെനിനെ പഠിച്ചാല്‍ മതി. അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച ലോക പ്രശസ്ത ടോള്‍സ്റ്റോയി, മാക്സിംഗോര്‍ക്കി ഇവരൊന്നും പുരസ്കാര പദവികള്‍ക്കല്ല പ്രാധാന്യം നല്‍കിയത്, അതിലുപരി പാവപ്പെട്ട മനുഷ്യരുടെ കണ്ണീരും ദാരിദ്ര്യവും തൊഴിലാളികളുടെ നീറുന്ന വിഷയങ്ങളായിരിന്നു. ലെനിന്‍ ലണ്ടനില്‍ കഴിയുമ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലെ ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും വിദേശത്തിരിന്നുകൊണ്ട് സര്‍ ചക്രവര്‍ത്തിക്കതിരെ പൊരുതുന്ന ബോള്‍ഷെവിക്കുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അദ്ദേഹം ഒളിവിലിരുന്ന് എഴുതിയ ‘ഭരണകൂടവും വിപ്ലവവും’ വായിച്ചാല്‍ എം. മുകുന്ദനും ടി.പദ്മനാഭന്‍ പറഞ്ഞതിന്‍റെ ആര്‍ക്കൊപ്പം നില്‍ക്കണമെന്നതിന്‍റെ പൊരുള്‍ മനസ്സിലാകും. നമ്മുടെ പല എഴുത്തുകാരും കണ്ണുണ്ടെങ്കിലും കാണാത്തവരെപോലെ ജീവിക്കുന്നത് കാണാം. ആ തെളിച്ചമുള്ള കണ്ണുകള്‍ കാണണമെങ്കില്‍ പാശ്ചാത്യ സാഹിത്യം പഠിക്കണം. ഒരു കൂട്ടര്‍ പഠിച്ചത് മഹാന്മായവരുടെ സാഹിത്യ സൃഷ്ടികള്‍ ഇംഗ്ലീഷ് മലയാള പരിഭാഷയില്‍ നിന്ന് എങ്ങനെ ഒരു കൃതി തന്‍റെ പേരിലാക്കാമെന്ന ഗവേഷണമാണ് നടത്തുന്നത്. മലയാളികളുടെ തലയില്‍ കെട്ടിവെച്ചിരിക്കുന്ന പല പ്രശസ്തരുടെ കൃതികള്‍ക്ക് വിദേശ കൃതികളുമായി ഒരു ആത്മബന്ധമുള്ളത് പലര്‍ക്കുമറിയില്ല. അതൊക്കെ വിവാദമാക്കാന്‍ സാംസ്കാരികബോധമുള്ളവര്‍ ശ്രമിക്കാറുമില്ല. നോര്‍വേ നൊബേല്‍ സമ്മാന ജേതാവ് നട്ട് ഹംസന്‍റെ ‘വിശപ്പ് ‘, ഫ്രാന്‍സിലെ വിപ്ലവപോരാളി വിക്ടര്‍ യുഗോയുടെ ‘പാവങ്ങള്‍’ തുടങ്ങി എത്രയോ ഭാഷകളില്‍ നിന്ന് അടിച്ചുമാറ്റി സാഹിത്യ സൃഷ്ഠികള്‍ ഇറക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അക്കാദമി രാഷ്ട്രീയ പുരസ്കാരങ്ങള്‍ (അക്കാദമിയില്‍ തുടങ്ങി ജ്ഞാനപീഠം വരെ) ഏറ്റുവാങ്ങുന്ന പ്രതിഭാസം കാണുമ്പോള്‍ ഈ രംഗത്ത് നടക്കുന്ന സാഹിത്യത്തിന്‍റെ മഹത്തായ മൂല്യനിര്‍ണ്ണയ പിഴവുകള്‍ വിശാലമായ അര്‍ത്ഥ ത്തില്‍ സഗൗരവം ആരെങ്കിലും പഠിക്കുന്നുണ്ടോ? എന്‍റെ വിമര്‍ശനം പുരസ്കാരങ്ങള്‍ അടിച്ചുമാറ്റുന്നവരെപ്പ റ്റിയാണ് അല്ലാതെ പ്രമുഖ സര്‍ഗ്ഗ പ്രതിഭകളെപ്പറ്റിയല്ല. മനുഷ്യര്‍ക്ക് തുല്യനീതിക്കായി പൊരുതുന്ന എഴു ത്തുകാര്‍ക്ക്പോലും തുല്യ നീതി ലഭിക്കുന്നില്ല. ഇതാണോ നമ്മുടെ പുരോഗമനാത്മക കാഴ്ചപ്പാടുകള്‍?

ഈ വ്യക്തിഗത രാഷ്ട്രീയ പക്ഷപാത വീക്ഷണം അല്ലെങ്കില്‍ സാംസ്കാരിക ജീര്‍ണ്ണതകള്‍ ആരെങ്കിലും സാഹിത്യ പഠനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടോ? ഈ അടിച്ചമര്‍ത്തല്‍-അടിമത്വ-അടിച്ചുമാറ്റല്‍ നടക്കുന്നതിനിടയില്‍ പ്രവാസ സാഹിത്യങ്ങള്‍ മലയാളത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം ആരെങ്കിലും അപഗ്രഥിച്ചിട്ടുണ്ടോ? കോലെടുത്തവരെല്ലാം മാരാന്മാരാകുന്നതുപോലെ സംഘടനകള്‍ വാഴുന്നത് കൊടിയുടെ നിറവും, വോട്ടുപെട്ടിയും, നക്കാനുള്ളതും നോക്കിയാണ്. ചുരുക്കത്തില്‍ ഈ അധികാര വലയത്തിന് പുറത്തു് നില്‍ക്കുന്ന എഴുത്തുകാരുടെ ദുരവസ്ഥയും എം. മുകുന്ദന്‍ പറഞ്ഞതുമായി കൂട്ടിവായിച്ചാല്‍ കൂട്ടുകൂടിയാല്‍ കൂടുതല്‍ കിട്ടുമെന്നാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും സമൂഹത്തില്‍ വര്‍ദ്ധിച്ചു് വരുന്ന സാമൂഹ്യ ദുരന്തങ്ങളെപ്പറ്റി ഒരു വാക്ക് എഴുതാത്ത സാംസ്കാരിക നായകന്മാര്‍ കുരുട്ടു കണ്ണിന് മഷിയെഴുതുന്നവരായി മാറുന്നത് അറിവുള്ളവര്‍ അറിയുമെന്നറിയുക.

Leave a Comment

More News